‘ക്യാപ്റ്റൻ’ നയിക്കും, മത്സരിക്കില്ല
Sunday, March 9, 2025 1:12 AM IST
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ പാർട്ടിയിൽ മൂന്നാംനിരയെ നേതൃതലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ സിപിഎം. ഇതിന്റെ ഭാഗമായിരിക്കും ഇന്നത്തെ സംസ്ഥാനസമിതി തെരഞ്ഞെടുപ്പും തുടർന്നുള്ള സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പിണറായി വിജയൻതന്നെ തെരഞ്ഞെടുപ്പു നയിച്ചേക്കും. പിണറായിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം സംസ്ഥാനസമിതിയിൽ നടന്നിട്ടില്ല.
സംസ്ഥാനസമിതിയില്‍ 20 പേർ ഒഴിഞ്ഞേക്കും
75 വയസ് പ്രായപരിധി, അനാരോഗ്യം എന്നീ ഘടകങ്ങള്‍ കണക്കാക്കി 88 അംഗ സംസ്ഥാനസമിതിയില്‍ നിന്ന് 20 പേരെങ്കിലും ഒഴിവാകും. പ്രവര്‍ത്തനത്തിലെ വീഴ്ചകളുടെ പേരിലും നിലവിലുള്ള സമിതിയില്‍നിന്ന് ചിലരെ ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്.
വിഭാഗീയ പ്രവണതയുമായി ബന്ധപ്പെട്ടു പ്രവര്ത്തനറിപ്പോര്ട്ടില്ത്തന്നെ ചില നേതാക്കളുടെ പേര് പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എറണാകുളത്തുനിന്നുള്ള ചന്ദ്രന്‍പിള്ളയെ (68) അനാരോഗ്യം പരിഗണിച്ച് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. 2025 ജനുവരി എന്നതു കണക്കാക്കുമ്പോള്‍ സാങ്കേതികമായി പ്രായം 75 പൂര്‍ത്തിയാകാത്ത നേതാക്കളെ തുടരാന്‍ അനുവദിച്ചേക്കും.
എ.കെ. ബാലന്, പി.കെ. ശ്രീമതി, ആനാവൂര്‍ നാഗപ്പന്, പി. രാജേന്ദ്രന്, എസ്. രാമചന്ദ്രന്, കെ. വരദരാജന്, എന്‍.ആര്. ബാലന്, പി. നന്ദകുമാര്‍, എം.വി. ബാലകൃഷ്ണന്, എം.എം. വര്‍ഗീസ്, ഗോപി കോട്ടമുറിക്കല്‍, കെ. ചന്ദ്രന് പിള്ള, എസ്. ശര്‍മ്മ, എം.വി.ബാലകൃഷ്ണന്, എം.കെ.കണ്ണന്, സി.എം. ദിനേശ് മണി, കെ. രാജഗോപാല്‍ തുടങ്ങിയവര്‍ പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കപ്പെടുമെന്ന് ഉറപ്പാണ്.
പുതിയ ജില്ലാ സെക്രട്ടറിമാരായ കെ.വി. അബ്ദുൾ ഖാദര്‍ (തൃശൂര്‍), വി.പി. അനില്‍കുമാര്‍ (മലപ്പുറം), കെ. റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), എം. രാജഗോപാല്‍ (കാസര്‍ഗോഡ്) എന്നിവര്‍ പുതിയ കമ്മിറ്റിയിലെത്തുമെന്നും ഉറപ്പാണ്.
മന്ത്രി ആര്. ബിന്ദു, വി.കെ. സനോജ്, വി. വസീഫ്, ജെയ്ക്ക് സി. തോമസ്, എന്‍. സുകന്യ, എസ്. ജയമോഹന്, ടി.ആര്. രഘുനാഥ്, ജോര്‍ജ് മാത്യു, ഐ.ബി. സതീഷ്, എച്ച്. സലാം, യു.പി. ജോസഫ്, ജോണ്‍ ഫെര്‍ണാണ്ടസ്, പുഷ്പ ദാസ്, ടി.ആര്.രഘുനാഥ്, പി.കെ. ഹരികുമാര്‍, പി.പി. ചിത്തരഞ്ജന്, കെ.എച്ച്. ബാബുജാന്, കെ. പ്രസാദ്, ജോര്‍ജ് മാത്യു, എക്സ്. ഏണസ്റ്റ്, കെ.എസ്. സുനില്‍ കുമാർ എന്നിവർക്കാണു സാധ്യത.
സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണം സമ്മേളനത്തിലുണ്ടാകില്ലെന്നാണ് സൂചന. മേയില്‍ 75 പൂര്‍ത്തിയാകുന്ന മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെയും ജൂണില്‍ പൂര്‍ത്തിയാകുന്ന നിലവിലെ കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെയും തുടരാന്‍ അനുവദിച്ചേക്കും.
കേന്ദ്രത്തിന്റെ അനുമതിയുണ്ടെങ്കിൽ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ കൂടിയായ കെ.കെ. ശൈലജ, അഡ്വ. പി. സതീദേവി, സി.എസ്. സുജാത എന്നിവര്‍ സ്വാഭാവികമായി സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.
പുതുതായി ഡോ. ടി.എന്‍. സീമ, കെ.എസ്. സലീഖ എന്നിവരെ പരിഗണിച്ചേക്കും. എ.കെ. ബാലന്റെ ഒഴിവിലേക്ക് മന്ത്രി എം.ബി. രാജേഷ് എത്താനാണു സാധ്യത. കണ്ണൂരില്‍നിന്ന് എം.വി. ജയരാജന്, പി. ജയരാജന്, പി. ശശി എന്നിവരുടെ പേരുകളാണു സജീവമായി ഉയരുന്നത്.
മത്സരിക്കില്ല, ജയിച്ചാൽ മുഖ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വമായിരിക്കും നയിക്കുകയെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷംമാത്രമേ നേതാവിനെ തീരുമാനിക്കുകയുള്ളൂവെന്നാണ് പോളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടും പറഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പിണറായി തെരഞ്ഞെടുപ്പു നയിക്കുക, ജയിച്ചാൽ മുഖ്യമന്ത്രിയാക്കുക എന്നതാണ് നിലവിലുള്ള തീരുമാനം.
എന്നാൽ, ഈ തീരുമാനത്തോട് എം.എ. ബേബി, തോമസ് ഐസക് എന്നിവരുൾപ്പെടുന്ന രണ്ടാംനിര വിയോജിപ്പ് പ്രകടിപ്പിച്ചു. എൽഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷനേതാവാകാൻ പിണറായിക്ക് താത്പര്യമില്ല. തുടർഭരണം ഉറപ്പാക്കിയുള്ള ചർച്ചകളാണ് സംസ്ഥാന സമിതിയിൽ നടന്നത്.
ബാറ്റൺ കൈമാറുമോ
പിണറായി വിജയൻ നേതൃസ്ഥാനം ഒഴിഞ്ഞാൽ പോളിറ്റ്ബ്യൂറോ അംഗങ്ങളെന്ന നിലയ്ക്ക് എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർക്കാണ് സാധ്യതകൾ. എന്നാൽ, പുതുതലമുറയിലേക്ക്അധികാരം കൈമാറണമെന്നും വാദിക്കുന്നവരുണ്ട്.
അങ്ങനെവന്നാൽ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, എം. സ്വരാജ്, എം.ബി. രാജേഷ്, എ.എൻ. ഷംസീർ, പി.കെ. ബിജു, മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വമായിരിക്കും തെരഞ്ഞെടുപ്പിൽ നയിക്കുക.