കേരള അക്കാദമിക് കൗണ്‍സില്‍: ധനമന്ത്രിയുടെ ഭാര്യയുടെ പ്രമേയം വിസി തള്ളി
Tuesday, February 18, 2025 2:24 AM IST
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഭാര്യ ഡോ. ആശാ പ്രഭാകരന് അവതരിപ്പിച്ച പ്രമേയത്തിനു വൈസ് ചാന്‍സലര്‍ അവതരണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള സര്‍വകലാശാലയില്‍ ഇന്നലെ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
യുജിസി ഈ വര്‍ഷം പുറത്തിറക്കിയ ഡ്രാഫ്റ്റ് റെഗുലേഷനിലെ വകുപ്പ് 11 ഭരണഘടനാ വിരുദ്ധമാണെന്നും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് അക്കാദമിക് കൗണ്‍സില്‍ അംഗമായ ഡോ. ആശാ പ്രഭാകരന് നല്‍കിയിരുന്നത്. എന്നാല്‍ ഈ പ്രമേയം സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമായതുകൊണ്ട് അനുവദിക്കാനാവില്ലെന്ന നിലപാടാണ് വിസി ഡോ. മോഹനന് കുന്നുമ്മേല്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഈ വിഷയത്തില്‍ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുള്ള വാഗ്വാദം മൂലം അക്കാദമിക് കൗണ്‍സില്‍ യോഗം ഏറെ നേരം തടസപ്പെട്ടു.
യുജിസി റെഗുലേഷനുകള്‍ ലംഘിച്ചാല്‍ യൂണിവേഴ്സിറ്റിയുടെ ബിരുദകോഴ്സുകള്‍ അനുവദിക്കുന്നത് തടയുമെന്നും, യുജിസി സ്കീമുകള്‍ അനുവദിക്കില്ലെന്നുമുള്ള വ്യവസ്ഥകളാണ് പുതിയ റെഗുലേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രമേയം അംഗീകരിക്കുന്നതിനു പകരം യുജിസിയുടെ പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതിലുള്ള കൗണ്‍സിലിന്റെ ആശങ്ക രേഖപ്പെടുത്താമെന്ന വിസിയുടെ നിര്‍ദേശം അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു.
സര്‍വകലാശാലയുടെ അധികാരപരിധിയില്‍ പെടാത്ത വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ക്ക് അവതരണാനുമതി പാടില്ലെന്ന യൂണിവേഴ്സിറ്റി ചട്ടം ചൂണ്ടിക്കാട്ടിയാണ് പ്രമേയം വിസി വിലക്കിയത്.