പുനരധിവാസം ; രണ്ടാംദിനത്തിൽ കളക്ടർ നേരിൽ കണ്ടത് 89 പേരെ
Wednesday, March 12, 2025 12:58 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗണ്‍ഷിപ്പിന് 27നു മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 89 ഗുണഭോക്താക്കളെ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ രണ്ടാംദിനത്തിൽ നേരിൽ കണ്ടു സംസാരിച്ചു. ജില്ലാ കളക്ടറെ നേരിൽ കണ്ട് ആശയവിനിമയം നടത്തിയവരിൽ എട്ട് പേർ ടൗണ്‍ഷിപ്പിൽ വീടിനായി സമ്മതപത്രം നൽകി.
കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ടൗണ്‍ഷിപ്പിൽ 10 സെന്റ് സ്ഥലവും സാന്പത്തിക സഹായമായി 40 ലക്ഷം രൂപയും അനുവദിക്കണമെന്ന ആവശ്യം ജില്ലാ കളക്ടറെ അറിയിച്ചു.
ടൗണ്‍ഷിപ്പിൽ നിർമിക്കുന്ന വീടിന്റെ പ്ലാനിൽ അടയാളപ്പെടുത്തിയ മേൽക്കൂരയിലെ ചെരിഞ്ഞ പ്രതലം നിരപ്പാക്കണമെന്നും വീടിനോടു ചേർന്ന് പുറത്തായി നിർമിച്ച സ്റ്റെയർ അകത്ത് ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
ടൗണ്‍ഷിപ്പിൽ നിർമിക്കുന്ന പൊതു മാർക്കറ്റിലെ കടമുറികളിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് കച്ചവടം നടത്തിയവർക്കു മുൻഗണന ഉറപ്പാക്കണമെന്ന് യോഗത്തിൽ ആളുകൾ അറിയിച്ചു.
ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ ഉറപ്പുനൽകി. ദുരന്തത്തിൽ കടമുറികളോ ഒന്നിലധികം വീടുകളോ നഷ്ടമായവർക്കു സർക്കാർ അതിന് അർഹമായ നഷ്ടപരിഹാരം നൽകും.
ടൗണ്‍ഷിപ്പിലേക്കുള്ള കുടിവെള്ള വിതരണത്തിൽ ആശങ്ക അറിയിച്ചവരോടു ടൗണ്‍ഷിപ്പിൽ ജലസംഭരണി നിർമിച്ച് വാട്ടർ അഥോറിറ്റി മുഖേന കുടിവെള്ളം വിതരണം ചെയ്യുമെന്നും അറിയിച്ചു. ആരാധനാലയങ്ങൾ, പൊതു ശ്മശാനം എന്നിവ ടൗണ്‍ഷിപ്പിൽ ഉൾപ്പെടുത്തണമെന്നും ഗുണഭോക്താക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.
സമ്മതപത്രം 24 വരെ നൽകാം
ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഗുണഭോക്തൃ ലിസ്റ്റിലുൾപ്പെട്ടവർക്ക് ടൗണ്‍ഷിപ്പിൽ വീട് വേണമോ സാന്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച് ഈ മാസം 24 വരെ സമ്മതപത്രം നൽകാം.
ലഭിക്കുന്ന സമ്മതപത്രത്തിൽ പരിശോധനയും സമാഹരണവും ഏപ്രിൽ 13ന് പൂർത്തിയാക്കും. ടൗണ്‍ഷിപ്പിൽ വീട്, സാന്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും.
പട്ടിക ജില്ലാ കളക്ടറുടെ ഒൗദ്യോഗിക പേജിലും കളക്ടറേറ്റിലും വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തും.