തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ വാർ റൂമുകൾ സ്ഥാപിക്കും
Wednesday, March 12, 2025 12:58 AM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: രാജ്യത്തെ തിരക്കുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും വാർ റൂമുകൾ സ്ഥാപിക്കാൻ തീരുമാനം. ഇവിടങ്ങളിൽ വാക്കി ടോക്കികൾ, അനൗൺസ്മെന്റ് സാവിധാനങ്ങൾ അടക്കം ഏറ്റവും പുതിയ ആശയ വിനിമയ ഉപകരണങ്ങൾ ഏർപ്പെടുത്തും.
മാത്രമല്ല, ജീവനക്കാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും പുതുതായി ഡിസൈൻ ചെയ്ത ഐഡി കാർഡുകൾ നൽകും. പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ യൂണിഫോമുകളും ഏർപ്പെടുത്തും. പ്രധാന സ്റ്റേഷനുകളിൽ സ്റ്റേഷൻ ഡയറക്ടറായി മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.
അടിയന്തര ഘട്ടങ്ങളിൽ സ്റ്റേഷനുകളിലുണ്ടാകുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഡയറക്ടർമാർക്ക് ഉടൻ തീരുമാനം എടുക്കാൻ അധികാരം ഉണ്ടാകും. സാമ്പത്തിക അധികാരവും ഇതിൽ ഉൾപ്പെടും. ഇതു കൂടാതെ സ്റ്റേഷനുകളുടെയും ലഭ്യമായ ട്രെയിനുകളുടെയും ശേഷി അനുസരിച്ച് പ്രതിദിന ടിക്കറ്റ് വില്പന അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാനും സ്റ്റേഷൻ ഡയറക്ടർമാർക്ക് അധികാരം ഉണ്ടാകും.
ഇതിലുപരി രാജ്യത്തെ 60 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, വിശാലമായ നടപ്പാത പാലങ്ങൾ, അത്യാധുനിക സിസിടിവി കാമറകൾ എന്നിവ സ്ഥാപിക്കാനും റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഹോളി ഉത്സവത്തിനു മുന്നോടിയായി ഈ സ്റ്റേഷനുകളിൽ എല്ലാം വലിയ പരിഷ്കാരങ്ങൾ അടിയന്തരമായി ഏർപ്പെടുത്തും. സാധുവായ ടിക്കറ്റോ വെയിറ്റിംഗ് ടിക്കറ്റോ ഉപയോഗിച്ച് മാത്രമേ റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇത് പൂർണമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ കർശന നിർദേശവും ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു.
വിമാനത്താവളങ്ങളിൽ കാണുന്നതിനു സമാനമായ സുരക്ഷാ ക്രമീകരണങ്ങൾതന്നെയാണ് വലിയ സ്റ്റേഷനുകളിലും ഏർപ്പെടുത്തുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കും എന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.