മൂന്നുമാസത്തിനുള്ളിൽ തീരദേശത്ത് അതിദരിദ്രരുണ്ടാകില്ല: മന്ത്രി
Wednesday, March 12, 2025 12:58 AM IST
തിരുവനന്തപുരം: മൂന്നുമാസത്തിനുള്ളിൽ കേരളത്തിന്റെ തീരമേഖലയെ അതിദരിദ്രരില്ലാത്ത മേഖലയാക്കി മാറ്റുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മത്സ്യമേഖലയിൽ 2317 പേരാണ് അതിദരിദ്രരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങളിലൂടെ എണ്‍പത് ശതമാനംപേരും പട്ടികയിൽനിന്നു മാറി.
തൊഴിൽതീരം പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 27752 പേർക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ തൊഴിൽ നൽകും. മത്സ്യത്തൊഴിലാളി ഇൻഷ്വറൻസുമായി ബന്ധപ്പെട്ട് ആകെ 21 കേസുകൾ മാത്രമാണ് ഇനി തീർപ്പാക്കാനുള്ളത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുമായി ഉണ്ടാക്കിയ ധാരണ പൂർണമായും നടപ്പാക്കി. അവരുടെ പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കുകയാണ്. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളായ തൊഴിലാളികളെയും സുരക്ഷിതമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.