“ഇരട്ടച്ചങ്കുണ്ടായാൽ പോരാ, ചങ്കിൽ ഇത്തിരി മനുഷ്യപ്പറ്റു വേണം”
Wednesday, March 12, 2025 12:58 AM IST
സാബു ജോണ്
തിരുവനന്തപുരം: “ഇരട്ടച്ചങ്കുണ്ടായാൽ പോരാ സർ, ആ ചങ്കിൽ ഇത്തിരി മനുഷ്യപ്പറ്റുണ്ടാകണം” - ആശാ വർക്കർമാരുടെ സമരത്തേക്കുറിച്ചു പറഞ്ഞുവന്നപ്പോൾ കെ.കെ. രമ നിയമസഭയിൽ ശബ്ദമുയർത്തി പറഞ്ഞു. ഇരട്ടച്ചങ്കു മാത്രമല്ല, മനുഷ്യത്വമുള്ള ഹൃദയവുമുള്ളതുകൊണ്ടാണെന്നു പറഞ്ഞു കോവിഡ് കാലത്തെ സുകൃതങ്ങളുടെ നീണ്ട പട്ടിക കെ.യു. ജനീഷ്കുമാർ നിരത്തി.
ആശാ വർക്കർമാർക്കു വേണ്ടി പ്രതിപക്ഷത്തുനിന്നു നിരവധി പേർ ശബ്ദമുയർത്തിയപ്പോൾ സിപിഎം അംഗങ്ങൾക്ക് ഇപ്പോഴും കൊല്ലം സമ്മേളനത്തിന്റെ ഹാംഗ് ഓവർ വിട്ടിട്ടില്ല. ആശാ വർക്കർമാരുടെ സമരത്തിനു പിന്നിൽ സാമ്രാജ്യത്വ അജൻഡ കാണുന്ന സിഐടിയു നേതാവിനോടു ഡോ. എം.കെ. മുനീർ ചോദിച്ചത്, ആശാമാരുടെ പ്രതിദിനവേതനം 700 രൂപയാക്കുമെന്നു പ്രകടനപത്രികയിൽ എഴുതിവച്ചത് ഏതു സാമ്രാജ്യത്വ സ്വാധീനത്താലാണെന്നായിരുന്നു. ആശാ വർക്കർമാർ എന്താ നിങ്ങളെ വിഴുങ്ങാൻ വരുന്നവരാണോ എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യം.
ഇടതുപക്ഷത്തിന്റെ ഹാട്രിക് വിജയം തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നു പറയുന്പോഴും ഭരണപക്ഷം കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ പേര് ഇടയ്ക്കിടെ പരാമർശിക്കുന്നുണ്ട്.
മൂന്നാം തവണയും യുഡിഎഫ് പ്രതിപക്ഷത്തിരിക്കുമെന്നു സുനിൽ കനഗോലു ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയെന്നാണ് മുരളി പെരുനെല്ലിക്കു കിട്ടിയ വിവരം. തിരുവനന്തപുരം കോർപറേഷനിൽ കെ.എസ്. ശബരീനാഥനെ പോലെയുള്ള പ്രമുഖരെ മത്സരിപ്പിക്കാനാണ് സുനിൽ കനഗോലുവിന്റെ തീരുമാനമെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മത്സരിപ്പിക്കുമോ എന്നറിയില്ലെന്നും പ്രശാന്ത് പറഞ്ഞു.
കൊല്ലം സമ്മേളനത്തിന്റെ വിശേഷം പറഞ്ഞു പുളകംകൊള്ളുകയാണു സിപിഎമ്മുകാർ. ചെങ്കടലല്ലായിരുന്നോ കൊല്ലത്ത്. അറബിക്കടലിന്റെ ആരവത്തേക്കാൾ മുകളിൽ നിന്നു ഇങ്കിലാബിന്റെ മുഴക്കം.- കെ.യു. ജനീഷ്കുമാർ ആവേശത്തോടെ പറഞ്ഞു. എന്നാൽ, ഇതൊന്നും വലിയ കാര്യമായി തിരുവഞ്ചൂർ രാധാകൃഷ്ണനു തോന്നിയില്ല.
കാശുണ്ടേൽ എത്ര കൊടി വേണമെങ്കിലും കെട്ടാമെന്നായിരുന്ന തിരുവഞ്ചൂർ പറഞ്ഞത്. ബ്രാഞ്ച് മുതൽ സംസ്ഥാനം വരെ ഇതുപോലെ ഒരു സമ്മേളനം നടത്താൻ കോണ്ഗ്രസിനു കഴിയുമോ എന്നായിരുന്നു ടി.ഐ. മധുസൂദനന്റെ വെല്ലുവിളി.
ഒരു പാനൽ അവതരിപ്പിക്കുക, കുറെ പേർ കൈയടിച്ചു പാസാക്കുക, മറ്റു ചിലർ കരഞ്ഞുകൊണ്ടിറങ്ങിപ്പോകുക-സിപിഎം സമ്മേളനങ്ങളെ എം. വിൻസന്റ് കാണുന്നതിങ്ങനെയാണ്. അകത്തുള്ള കള്ളിന്റെ ആവേശമല്ല കാണിക്കേണ്ടതെന്നുള്ള പിണറായി വിജയന്റെ പ്രസംഗം ഓർമിപ്പിച്ചു വന്നപ്പോഴേക്കും വിൻസന്റിന്റെ സമയം അവസാനിച്ചു.
അതിർത്തി പ്രദേശമായ മഞ്ചേശ്വരത്തുകാർ മൂന്നു ബജറ്റ് ശ്രദ്ധിക്കുന്നവരാണെന്നു മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ഇടയ്ക്കിടെ പറയാറുണ്ട്. കേരള ബജറ്റ്, കേന്ദ്ര ബജറ്റ്, കർണാടക ബജറ്റ്. കർണാടകത്തിൽ ബജറ്റ് അവതരിപ്പിച്ച കഴിഞ്ഞ ദിവസം തന്റെ മണ്ഡലത്തിൽ ആഹ്ലാദപ്രകടനം നടന്ന കാര്യം അഷ്റഫ് പറഞ്ഞു.
അതിർത്തി പ്രദേശമായ പുത്തൂരിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മെഡിക്കൽ കോളജ് പ്രഖ്യാപിച്ചതിന്റെ പേരിലായിരുന്നു ആഹ്ലാദപ്രകടനം. കാസർഗോഡ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രഖ്യാപിച്ച മെഡിക്കൽ കോളജിന്റെ ദുഃസ്ഥിതിയും അഷ്റഫ് ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ നയരേഖയോടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന പേര് കാപ്പിലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നു മാറ്റണമെന്ന് പി. ഉബൈദുള്ള നിർദേശിച്ചു.