സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ 400 ഒഴിവുകള്‍
Wednesday, March 12, 2025 12:58 AM IST
കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ നാനൂറിലേറെ ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ ഒഴിവുകളുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളും ഏറെയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ വരെ ഡോക്ടര്‍മാരുടെ അഞ്ഞൂറിലധികം ഒഴിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ നൂറോളം ഒഴിവുകള്‍ പിഎസ്സി ലിസ്റ്റില്‍നിന്നു നിയമിച്ചു. പിഎസ്സി ലിസ്റ്റില്‍നിന്ന് നിയമനം ലഭിച്ചവര്‍ മെഡിക്കല്‍ പിജിക്കു പോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പുതുതായി നിയമനം ലഭിക്കുന്നവര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ നിലവില്‍ മൂന്നു മാസമാണ് അവധി ലഭിക്കുക. അതില്കൂടുതല് കാലം അവധി വേണമെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ താലൂക്ക് ആശുപത്രികളിലോ ജോലിയില്‍ കയറണം. അതിനുശേഷം വേണം രണ്ടോ മൂന്നോ വര്‍ഷത്തേക്കു ലീവ് എടുക്കാന്‍.
ഇത്തരത്തില്‍ പുതിയ നിയമനം ലഭിച്ച ഡോക്ടര്‍ ദീര്‍ഘകാലത്തേക്ക് അവധിയെടുത്തുപോകുമ്പോള് അവിടെ പുതിയ ഒഴിവു വരികയാണ്. ഈ ഒഴിവ് ജില്ലാ മെഡിക്കല്‍ ഓഫീസിലും ഡിഎച്ച്എസിലും റിപ്പോര്‍ട്ട് ചെയ്ത് നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ആറു മാസമെങ്കിലും പിടിക്കും. അതായത്, ആറുമാസം കഴിഞ്ഞേ അവിടേക്കു പുതിയ ഡോക്ടറെ കിട്ടുകയുള്ളൂ.
നിലവില്‍ പിഎസ് സി നിയമനം ലഭിക്കുന്ന ഡോക്ടര്‍മാരില്‍ ഏറിയ പങ്കും ദീര്‍ഘകാല അവധിയെടുത്ത് ബിരുദാനന്തര ബിരുദ പഠനത്തിനുപോകുന്നവരാണ്. ഇതുകാരണം ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്ത സാഹചര്യം ഉയരുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണു ഡോക്ടര്‍മാരുടെ ഒഴിവുകള്‍ കൂടുതലും ഉള്ളത്.
ഡോക്ടര്‍മാരുടെ പ്രമോഷന് നടക്കാത്തതു കാരണം സീനിയര്‍ ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയും നിലനില്ക്കുന്നു. പ്രമോഷന് നടക്കുമ്പോള്‍ മാത്രമാണു താഴെതട്ടില്‍ പുതിയ ഒഴിവുകള്‍ വരിക.
എന്നാല്‍ പ്രമോഷന് നല്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നു കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. റിട്ടയര്‍മെന്റ് തസ്തികയിലും നിയമനങ്ങള്‍ നടക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്.
മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരാള്‍ റിട്ടയര്‍ ചെയ്താല്‍ ആ ഒഴിവില്‍ മുന്നുമാസത്തിനകം നിയമനം നടക്കുന്ന അവസ്ഥയാണുള്ളത്. റിട്ടയര്‍മെന്റിനു മൂന്നുമാസം മുമ്പുതന്നെ അവിടെ പുതിയ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങും. അതുകൊണ്ടുതന്നെ വിരമിക്കല്‍ കഴിഞ്ഞാല്‍ വേഗത്തില്‍ നിയമനം നടത്താന്‍ കഴിയുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ കാര്യത്തില്‍ അത്തരം നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ഡോക്ടര്‍മാര്‍ വിരമിച്ചു കഴിഞ്ഞശേഷമാണ് ആ തസ്തികയില്‍ നിയമനം നടത്താനുള്ള നടപടികള്‍ക്കു തുടക്കം കുറിക്കുന്നത്. ഇതു കാരണം പുതിയ ആള് ഈ സ്ഥാനത്ത് വരാന്‍ മാസങ്ങള്‍തന്നെ പിടിക്കും.
ഡോക്ടര്‍മാരുടെ ക്ഷാമം ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളെ ബാധിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ കുറവായതിനാല്‍ ഒപി ടിക്കറ്റ് എടുത്ത് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയുമുണ്ട്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് ജോലി ഭാരവും കൂടുന്നു.
200 രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍ക്ക് 400 രോഗികളെ പരിശോധിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇതുകാരണം രോഗികളെ പരിശോധിക്കുന്നതിനുള്ള സമയം വെട്ടിക്കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഫലത്തില്‍ രോഗിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.
ഇതിനുപുറമേ ഡോക്ടര്‍മാര്‍ ക്യാമ്പുകളില്‍ പോകുന്നതു കാരണവും ഡോക്ടര്‍മാരുട എണ്ണം കുറയാന്‍ ഇടയാക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കാന്‍ കഴിയാതെയും വരുന്നു. അത്യാഹിത വിഭാഗത്തിൽ ഡോക്ടര്‍മാര്‍ ഇല്ലാതെ വരുമ്പോള്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ അത്യാഹിത വിഭാഗത്തിലേക്കു നിയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതു വിദഗ്ധ ചികിത്സ ലഭിക്കേണ്ട രോഗികള്‍ക്കു തടസം സൃഷ്ടിക്കുന്നുമുണ്ട്.