വയനാട്: കേന്ദ്രം ചെകുത്താനെപ്പോലെയെന്ന് റവന്യുമന്ത്രി
Wednesday, March 12, 2025 12:58 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ നടപടികളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി കെ. രാജൻ. ദുരന്തത്തിൽപ്പെട്ട കേരളത്തോടു കേന്ദ്രസർക്കാർ കാവൽമാലാഖയെപ്പോലെയല്ല, ചെകുത്താനെപ്പോലെയാണു പെരുമാറുന്നതെന്നു മന്ത്രി ആരോപിച്ചു.
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് കോണ്‍ഗ്രസിലെ ടി. സിദ്ദിഖ് അടിയന്തരപ്രമേയ നോട്ടീസ് പ്രസംഗം തുടങ്ങിയത്. ദുരന്തം നേരിടുന്ന സംസ്ഥാനങ്ങളോടു കാട്ടാൻ പാടില്ലാത്ത വിവേചനമാണു കേരളത്തോടു കേന്ദ്രസർക്കാർ കാട്ടിയത്.
പ്രധാനമന്ത്രി നേരിട്ട് ദുരന്തസ്ഥലം സന്ദർശിച്ചിട്ടും ഒന്നും നൽകാതിരുന്നതു ശരിയായില്ലെന്നും അദ്ദേഹം ആരോപിച്ചു. തുടർന്നാണ് വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാനസർക്കാരിന്റെ വീഴ്ചകൾ ഒന്നൊന്നായി സിദ്ദിഖ് ചൂണ്ടിക്കാട്ടിയത്.
കേന്ദ്രം ക്രൂരമായ അവഗണനയാണ് കേരളത്തോടു കാട്ടിയതെന്നു വാക്കൗട്ട് പ്രസംഗത്തിന്റെ തുടക്കത്തിൽതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തി അതിതീവ്ര ദുരന്തമാണെന്നു പ്രഖ്യാപിച്ചിട്ടുപോലും പലിശയില്ലാത്ത കടം തരാമെന്ന നിലപാടാണ് കേന്ദ്രം കാട്ടിയതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് തുടർന്നായിരുന്നു സംസ്ഥാന സർക്കാർ നടപടികളെ എതിർത്തത്.
പരിക്കേറ്റവർക്ക് തുടർചികിത്സയ്ക്ക് സഹായം പോലും നൽകാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.