ആശാ വര്‍ക്കേഴ്സ് സെക്രട്ടേറിയറ്റ് സമരം: സമൻസ് അയച്ച് പോലീസ്
Tuesday, February 18, 2025 2:24 AM IST
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് നടയില്‍ കഴിഞ്ഞ എട്ടു ദിവസമായി ആശവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരം നയിക്കുന്ന നേതാക്കള്‍ക്ക് കന്റോണ്‍മെന്റ് പോലീസ് സമന്‍സ് അയച്ചു.
സമരത്തിനു നേതൃത്വം നല്കുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്, ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, നേതാക്കളായ എസ്. മിനി, പി.കെ. റോസമ്മ, ഷൈല കെ. ജോണ്‍ എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കലാപത്തിന് ആഹ്വാനം ചെയ്യല്‍, പോലീസ് അധികാരികളുടെ നിര്‍ദേശം അനുസരിക്കാതിരിക്കല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുവഴി തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഭാരതീയ നിയമസംഹിതയിലെയും കേരള പോലീസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി സമന്‍സ് അയച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വേതനമെന്ന ആരോഗ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ രംഗത്തെത്തി. ആരോ സമരക്കാരെ ഇളക്കിവിട്ടെന്നു കഴിഞ്ഞദിവസം ധനമന്ത്രി ആക്ഷേപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവര്‍ക്കര്‍മാരെന്നായിരുന്നു മന്ത്രി വീണാ വീണ ജോര്‍ജിന്റെ വാദം.
മന്ത്രി പറഞ്ഞ 13,200 രൂപ പ്രതിമാസ വേതനം ഒരിക്കല്‍പ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാരുടെ വിശദീകരണം. അതേസമയം അധിക്ഷേപങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും മുന്നില്‍ കുലുങ്ങാതെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ രാപ്പകല്‍ സമരം തുടരുന്നത്.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി രാപ്പകല്‍ ഭേദമെന്യേ പണിയെടുക്കുന്ന സാധാരണ സ്ത്രീ തൊഴിലാളികളാണ് ആശാവര്‍ക്കര്‍മാര്‍. ഏറ്റവും ജീവല്‍പ്രധാനങ്ങളായ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് പരിഹാരം കാണാതെ നേതാക്കള്‍ക്കെതിരേ കേസ് എടുത്ത് സമരത്തെ അടിച്ചമര്ത്താമെനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു.
ആശമാരുടെ വേതനം, വിരമിക്കല്‍ ആനുകൂല്യം എന്നിവ സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തി സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത്. ഇതിനു സാധിക്കാതെ വരികയും കൂടുതല്‍ പേര് സമരസന്നദ്ധരായി എത്തുകയും പൊതുസമൂഹത്തിന്റെ പിന്തുണ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിനെ ഉപയോഗിച്ച് സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നതെന്നും സമരക്കാര്‍ ആരോപിക്കുന്നു.
അതേസമയം പോലീസ് നടപടിക്കെതിരേ ഇന്നലെ സെക്രട്ടറിയേറ്റ് നടയില്‍ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് മുഴുവന്‍ ആശാ പ്രവര്‍ത്തകരും 20ന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന മഹാസംഗമത്തില്‍ അണിചേരുമെന്ന് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു.
ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപകല്‍ സമരത്തിന്റെ ഒന്‍പതാം ദിവസമായ ഇന്നത്തെ പ്രതിഷേധ പരിപാടികള്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഇന്നലത്തെ സമരത്തിനു പിന്തുണയുമായി എംഎല്‍എ മഹേഷ്, കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിന്‍സന്റ്, വിന്‍സന്‍ഷ്യന്‍ സോഷ്യല്‍ സര്‍വീസസ് സംഘടനയെ പ്രതിനിധീകരിച്ച് ഫാ. ടോണി, തുടങ്ങി വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമെത്തി.