‘അയാക്ടാ കോണ്‍ 2025’ ദേശീയ സമ്മേളനം 21 മുതല്‍
Monday, February 17, 2025 12:17 AM IST
കൊച്ചി: ഇന്ത്യയിലെ കാര്‍ഡിയാക് അനസ്തേഷ്യ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന് ഓഫ് കാര്‍ഡിയോവാസ്കുലര്‍ തൊറാസിക് അനസ്തേഷ്യോളജിസ്റ്റിന്റെ (അയാക്ടാ) 28-ാമത് ദേശീയ സമ്മേളനം അയാക്ടാകോണ്‍ 2025 ഈമാസം 21 മുതല്‍ 23 വരെ കലൂര്‍ ഐഎംഎ ഹൗസില്‍ നടക്കും.
ഹാര്‍ട്ട് ഫെയിലര്‍ ആൻഡ് അനസ്തേഷ്യ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി അയാക്ടാ കൊച്ചിന് ചാപ്റ്ററിന്റെ നേതൃത്വത്തിലാണു സമ്മേളനം നടക്കുന്നതെന്ന് അയാക്ടാകോണ്‍ 2025 ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. ജേക്കബ് ഏബ്രഹാം, സെക്രട്ടറി ഡോ. ജോയല്‍ ദേവസ്യാ, ട്രഷറര്‍ ഡോ. സഞ്ജീവ് തമ്പി എന്നിവര്‍ പറഞ്ഞു.
21ന് വൈകുന്നേരം ആറിന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കല്‍, ഹൃദ്രോഗ ശസ്ത്രക്രിയകള്‍, അനസ്തേഷ്യ, തീവ്രപരിചരണം, അനസ്തേഷ്യ മേഖലയില്‍ ഉപയോഗിക്കുന്ന അതിനൂതന സാങ്കേതിക വിദ്യകള്‍, പ്രയോഗരീതികള്‍, ഗവേഷണങ്ങള്‍, കണ്ടുപിടിത്തങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 20 ലധികം വിദഗ്ധരായ ഡോക്ടര്‍മാര്‍ പ്രഭാഷണം നടത്തും.
വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 600ഓളം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പ്രതിനിധികളായി എത്തും. സമ്മേളനത്തിനു മുന്നോടിയായി 19, 20 തീയതികളിലായിഹൃദയസംബന്ധമായ വിവിധ വിഷയങ്ങളില്‍ ശില്പശാലകളും നടക്കുമെന്നും സംഘാടകസമിതി ഭാരവാഹികള്‍ വ്യക്തമാക്കി.