പ്രതിഷേധ കൊടുങ്കാറ്റായി കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റ മഹാസംഗമം
Sunday, February 16, 2025 2:06 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: നീതിനിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുമെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ചും അവകാശപ്രഖ്യാപന റാലിയും ഭരണാധികാരികള്‍ക്കുള്ള താക്കീതായി.
കര്‍ഷകജനതയും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടി ക്രൈസ്തവ ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനത്തിനെതിരെ കടുത്ത മുന്നറിയിപ്പാണ് മാര്‍ച്ചിലും മഹാസംഗമത്തിലും മുഴങ്ങിയത്.
അതിരമ്പുഴ മുതല്‍ അമ്പൂരി വരെ ദീര്‍ഘിച്ച ചങ്ങനാശേരി അതിരൂപതയിലെ ഇരുന്നൂറ്റമ്പതോളം ഇടവകകളിലെ കാല് ലക്ഷത്തിലേറെവരുന്ന വിശ്വാസികളാണ് കൊടികളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി അവകാശസംരക്ഷണത്തിനായി ആവേശത്തോടെ അണിനിരന്നത്.
രാവിലെ ഒമ്പതിന് മങ്കൊമ്പ് ഡോ.എം.എസ്. സ്വാമിനാഥന് നഗറില്‍നിന്നും ആരംഭിച്ച ലോംഗ് മാര്‍ച്ച് അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്തു. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പിടിഞ്ഞാറേവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളാണ് മാര്‍ച്ചിനു നേതൃത്വം നല്‍കിയത്. വിവിധ ഫൊറോനകളിലെ ആയിരത്തോളം വരുന്ന പ്രതിനിധികള്‍ അണിനിരന്ന മാര്‍ച്ച് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി എസി റോഡിലൂടെ 16 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് പെരുന്നയില്‍ എത്തിച്ചേര്‍ന്നത്.
തുടര്‍ന്ന് പെരുന്നയിലെ സി.എഫ്.തോമസ് സ്ക്വയറില്‍നിന്ന് എസ്ബി കോളജ് മൈതാനത്തേക്ക് അവകാശസംരക്ഷണറാലി പുറപ്പെട്ടു. വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി റാലി ഉദ്ഘാടനം ചെയ്തു.
കുടുംബക്കൂട്ടായ്മാ കണ്‍വീനര്‍ ഫാ.ജോര്‍ജ് മാന്തുരുത്തില്‍ ആമുഖപ്രസംഗം നടത്തി. 18 ഫൊറോനകളില്‍നിന്നുള്ള ആയിരങ്ങള്‍ അണിനിരന്ന റാലി ചങ്ങനാശേരി നഗരത്തിനു പുത്തന്‍ ചരിത്രമായി. നാടിന്റെ സാമൂഹ്യപ്രശ്നങ്ങളും വെല്ലുവിളികളും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും ഫ്ലോട്ടുകളും വാദ്യമേളങ്ങളും റാലിയെ വര്‍ണാഭമാക്കി.
റാലി എസ്ബി കോളജ് മൈതാനത്ത് എത്തിയശേഷം 4.15ന് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെ മഹാസമ്മേളനം ആരംഭിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
അനീതിക്കും അവകാശനിഷേധത്തിനും വിവേചനങ്ങൾക്കുമെതിരേ ക്രൈസ്്തവർ ഒരുമിക്കുമെന്നതിനു തെളിവാണ് റാലിയിലും സമ്മേളനത്തിലും അണിനിരന്ന ജനസാഗരമെന്ന് ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ചൂണ്ടിക്കാട്ടി.
ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖപ്രഭാഷണം നടത്തി.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് ജോസഫ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, രാജേഷ് ജോണ്‍, ജിനോ ജോസഫ്, സണ്ണിച്ചന് ഇടിമണ്ണിക്കല്‍, സേവ്യര്‍ കൊണ്ടോടി തുടങ്ങിയവര്‍ പ്രസംഗിച്ചു.