കോട്ടയം റാഗിംഗ് : പ്രതികളുടെ തുടർപഠനം തടയാൻ നഴ്സിംഗ് കൗണ്‍സിൽ
Sunday, February 16, 2025 2:06 AM IST
തിരുവനന്തപുരം: കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിംഗ് കോളജിൽ നടന്ന റാഗിംഗ് കേസിൽ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം സംസ്ഥാന നഴ്സിംഗ് കൗണ്‍സിൽ തടയും. ഇന്നലെ ചേർന്ന നഴ്സിംഗ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം.
പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടു കൂടി പരിഗണിച്ചാണ് കൗണ്‍സിൽ കർശന നടപടികളിലേക്കു കടന്നത്. റാഗിംഗ് പരാതിയുടെ അടിസ്ഥാനത്തിൽ റിമാൻഡിലായ വിദ്യാർഥികൾക്ക് തുടർപഠനം അനുവദിക്കേണ്ടതില്ലെന്ന നിയമോപദേശവും കൗണ്‍സിലിന് ലഭിച്ചിരുന്നു.
അതേസമയം, കൗണ്‍സിൽ യോഗത്തിന്റെ അജൻഡയിൽ വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. ജനറൽ നഴ്സിംഗ് (ജിഎൻഎം) വിദ്യാർഥികളുടെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള മേൽനോട്ടച്ചുമതല സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിന് ആയതിനാൽ അംഗങ്ങൾ ഇക്കാര്യം യോഗത്തിൽ പ്രത്യേകം ഉന്നയിക്കുകയായിരുന്നു.
പഠനം തടയണമെന്ന കൗണ്‍സിലിന്റെ ആവശ്യം സർക്കാരിനെ അറിയിക്കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ യോഗത്തിൽ അറിയിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ തുടർപഠനം തടയുന്ന കാര്യം നഴ്സിംഗ് കൗണ്‍സിൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
സംഭവത്തിന് ഉത്തരവാദികളായ വിദ്യാർഥികൾ നഴ്സിംഗ് പഠനത്തിന് അർഹരല്ലെന്നാണ് കൗണ്‍സിൽ യോഗത്തിന്റെ വിലയിരുത്തൽ. ഒരു നഴ്സിംഗ് സ്കൂളിലും അവർക്ക് പ്രവേശനം നൽകരുത്. പരീക്ഷയ്ക്കായുള്ള വിദ്യാർഥികളുടെ അപേക്ഷ സ്വീകരിക്കേണ്ടതില്ല.
തീരുമാനത്തെ വിദ്യാർഥികൾ കോടതിയിൽ ചോദ്യം ചെയ്താൽ നിയമപരമായി നേരിടണമെന്നും അംഗങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
മൂന്നാം വർഷ വിദ്യാർഥികളായ സാമുവൽ ജോണ്സണ്, എൻ.എസ്. ജീവ, സി. റിജിൽ ജിത്ത്, കെ.പി. രാഹുൽരാജ്, എൻ.വി. വിവേക് എന്നിവരാണ് പ്രതികൾ. ഇതിൽ രാഹുൽരാജ് സിപിഎം അനുകൂല നഴ്സിംഗ് വിദ്യാർഥി സംഘടനസംസ്ഥാന ജനറൽ സെക്രട്ടറിയാണ്.