പാതിവില തട്ടിപ്പുകേസ്; തട്ടിപ്പിന്റെ ഉത്തരവാദിത്വം ആനന്ദകുമാറിനും
Sunday, February 16, 2025 2:06 AM IST
കൊച്ചി: പാതിവില തട്ടിപ്പിനു നേതൃത്വം നല്‍കിയത് എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സ്ഥാപകനും സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എന്‍. ആനന്ദകുമാറാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. തട്ടിപ്പിനു പിന്നില്‍ അറസ്റ്റിലായ അനന്തു കൃഷ്ണന് മാത്രമാമെന്ന ആനന്ദകുമാറിന്റെ വാദം പൊളിക്കുന്നതാണ് പുറത്തുവന്നിട്ടുള്ള ട്രസ്റ്റിന്റെ ഡീഡ്.
ട്രസ്റ്റ് എന്ന നിലയില്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമാണ് കെ.എന്‍. ആനന്ദകുമാറെന്നും ആജീവനാന്തകാലം ആ പദവിയില്‍ അദ്ദേഹത്തിനു തുടരാമെന്നുമാണ് രേഖയില്‍. തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനടക്കം അഞ്ചുപേരാണ് കോണ്‍ഫെഡറേഷന്റെ സ്ഥാപക അംഗങ്ങള്‍.
എന്നാല്‍, സാമ്പത്തികകാര്യങ്ങളും അക്കൗണ്ടുകളും കൈകാര്യം ചെയ്യാനുള്ള അധികാരം ആനന്ദകുമാറിനും അനന്തുകൃഷ്ണനും മാത്രം. ആനന്ദകുമാര്‍ കഴിഞ്ഞാല്‍ കോണ്‍ഫെഡറേഷനിലെ ഏറ്റവും പ്രധാനി അഡ്വൈസറി ചെയര്‍മാനായ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായരാണെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
ആനന്ദകുമാര്‍ സ്ഥാനമൊഴിഞ്ഞാലും അഡ്വൈസറി ചെയര്‍മാനായി രാമചന്ദ്രൻനായര്‍ തുടരുമെന്നും രേഖയിലുണ്ട്. ആനന്ദകുമാറിനും അനന്തു കൃഷ്ണനും പുറമെ ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍, ബീന സെബാസ്റ്റ്യന്‍ എന്നിവരാണ് എന്‍ജിഒ കോണ്‍ഫെഡറേഷനിലെ മറ്റ് സ്ഥാപക അംഗങ്ങള്‍.
അഞ്ചുപേര്‍ക്കും പിന്തുടര്‍ച്ചാവകാശമുണ്ടെന്നും രേഖകളില്‍ പറയുന്നു. കൂടുതല്‍ അംഗങ്ങളെ നിർദേശിക്കാനുള്ള അധികാരവും ചെയര്‍മാനായ ആനന്ദകുമാറിനാണ്. ആജീവനാന്തന ചെയര്‍മാനാണെങ്കിലും ആനന്ദ്കുമാറിന് എപ്പോള്‍ വേണമെങ്കിലും രാജിവയ്ക്കാം.
പുതിയ ആളെ നിർദേശിക്കാനുള്ള അധികാരവും ഇയാള്ക്കുതന്നെയാണ്. അതിനിടെ, ട്രസ്റ്റിന്റെ അഡ്വൈസറി ചെയര്‍മാനായ ജസ്റ്റീസ് രാമചന്ദ്രന്‍നായരെ അന്വേഷണപരിധിയില്‍നിന്ന് ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
കേസുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ബീനയ്ക്ക് തട്ടിപ്പിനെക്കുറിച്ച് നേരത്തേ സൂചന ലഭിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.