സർക്കാരിനെ അഭിനന്ദിച്ച് ലേഖനം ; കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂർ
Sunday, February 16, 2025 2:06 AM IST
തിരുവനന്തപുരം: സംസ്ഥാനതലത്തിലും ദേശീയതലത്തിലും കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഡോ. ശശി തരൂർ എംപിയുടെ പരാമർശങ്ങൾക്കെതിരേ പാർട്ടിയുടെ നേതൃതലത്തിൽ പ്രതിഷേധമുയർന്നു.
തരൂരിനെതിരേ നിരവധി നേതാക്കൾ രംഗത്തു വന്നപ്പോഴും പറഞ്ഞത് ആവർത്തിച്ചും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുമെന്നു പ്രഖ്യാപിച്ചും തരൂർ പാർട്ടിയെ വീണ്ടും വെട്ടിലാക്കി.
കേരളം വ്യവസായ സൗഹൃദമാണെന്നും പിണറായി ഭരണത്തിൽ വ്യവസായരംഗത്ത് നേട്ടം കൈവരിച്ചെന്നുമാണ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ തരൂർ കുറിച്ചത്.
ഈസ് ഓഫ് ഡൂയിംഗ് പട്ടികയിൽ രാജ്യത്ത് ഒന്നാമത് വന്നതു നേട്ടമാണെന്നും തരൂർ ലേഖനത്തിൽ പറഞ്ഞു. ഇഴയുന്ന കൊന്പനിൽനിന്ന് ഇണങ്ങുന്ന കടുവയായുള്ള കേരളത്തിന്റെ മാറ്റത്തെ തരൂർ പ്രകീർത്തിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടി സ്വീകരിച്ചിട്ടുള്ള നിലപാടിനു തീർത്തും വിരുദ്ധമാണ് തരൂരിന്റെ ഈ പരാമർശങ്ങൾ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തരൂരിനെതിരേ രൂക്ഷവിമർശനം നടത്തി. രമേശ് ചെന്നിത്തലയും കെ. മുരളീധരനും അടക്കമുള്ള നേതാക്കളും തരൂരിനെതിരെ തിരിഞ്ഞു. എന്നാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.
തരൂരിന്റെ ലേഖനം താൻ വായിച്ചിട്ടില്ലെന്നും അതു പരിശോധിക്കുമെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളുടെ വിമർശനത്തിനു ശേഷവും സ്വന്തം നിലപാട് തരൂർ ആവർത്തിച്ചു. ഇതിനു മുന്‍പും പല വിഷയങ്ങളിലും കേരളത്തിലെ പാർട്ടിയുടെ ഒൗദ്യോഗിക നിലപാടിനു വിരുദ്ധമായ നിലപാട് തരൂർ സ്വീകരിച്ചിട്ടുണ്ട്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഇന്ത്യക്കു ഗുണകരമായി എന്ന രീതിയിൽ തരൂർ നടത്തിയ പരാമർശങ്ങൾ ദേശീയതലത്തിലും ചർച്ചയായി. മോദിയുടെ ട്രംപുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും തികഞ്ഞ പരാജയം എന്ന നിലയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യനിലപാടെടുത്തതിനു ശേഷമാണ് തരൂർ ഇങ്ങനെ പ്രതികരിച്ചതെന്നതാണു ശ്രദ്ധേയം.
തരൂരിനെതിരേ കെപിസിസി പ്രത്യേക പരാതിയൊന്നും നൽകുന്നില്ലെന്നാണ് അറിയുന്നത്. എന്നാൽ, നിരവധി നേതാക്കൾ തരൂരിന്റെ പ്രസ്താവനയ്ക്കെതിരേ ദേശീയ നേതൃത്വത്തിനു പരാതി നൽകിയിട്ടുണ്ടെന്നു വിവരമുണ്ട്.