നാഷണൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ഇരിങ്ങാലക്കുടയിൽ
Sunday, February 16, 2025 2:06 AM IST
തൃശൂർ: ദേശീയതലത്തിൽ ഹൈസ്കൂൾ മുതൽ എൻജിനിയറിംഗ് വരെയുള്ള വിദ്യാർഥികളുടെ സാങ്കേതിക, കലാപരമായ പരിപാടികൾ ഉൾപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐഎച്ച്ആർഡി) സംഘടിപ്പിക്കുന്ന നാഷണൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് "തരംഗ് 2കെ 25’ ഇരിങ്ങാലക്കുടയിൽ 22, 23 തീയതികളിൽ നടക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
കല്ലേറ്റുങ്കര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിലെ വിവിധ വേദികളിലായാണു പരിപാടി നടക്കുക. മേളയുടെ ഉദ്ഘാടനം 22നു രാവിലെ പത്തിനു ആളൂരിലെ പ്രസിഡൻസി കൺവൻഷൻ സെന്ററിൽ മന്ത്രി നിർവഹിക്കും.
"ഏജന്റിക് എഐ- എംപവറിംഗ് ദ ഫീച്ചർ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇക്കൊല്ലത്തെ തരംഗ്. ദേശീയ, അന്തർദേശീയതലത്തിലുള്ള സാങ്കേതികവിദഗ്ധർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.
വിദ്യാർഥികളുടെയും പ്രശസ്ത ബാൻഡുകളുടെയും കലാവിരുന്നും ടെക്നിക്കൽ എക്സ്പോകളും രാത്രിയും പകലുമായി നടക്കും. പ്രീ തരംഗ് പരിപാടികൾ ഐഎച്ച്ആർഡിയുടെ വിവിധ സ്ഥാപനങ്ങളിൽ നടന്നുവരുന്നു. ഇതിൽ മികവു തെളിയിച്ചവരാണ് തരംഗിൽ പങ്കെടുക്കുക.