ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മരിച്ചു
Sunday, February 16, 2025 2:06 AM IST
കോതമംഗലം: കോഴിപ്പിള്ളി പുഴയിലെ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മരിച്ചു. കോഴിപ്പിള്ളി പരത്തരക്കടവ് ആര്യാപ്പിളളിൽ അബിയുടെ മകളും പത്താം ക്ലാസ് വിദ്യാർഥിനിയുമായ മരിയയാ(15)ണു മരിച്ചത്.
അമ്മ ജോമിനി (39) അതീവ ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ വൈകുന്നേരം 6.15ന് വീടിനു സമീപമുള്ള കോഴിപ്പിള്ളി പുഴയിലെ പരത്തരക്കടവ് ചെക്ക് ഡാമിലായിരുന്നു അപകടം. മകൾ കയത്തിലകപ്പെട്ട് മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാനെത്തിയപ്പോഴാണ് അമ്മയും അപകടത്തിൽപ്പെട്ടത്.
കുളി കഴിഞ്ഞ് കരയ്ക്കു കയറിയിരുന്ന മരിയയുടെ അനുജത്തി ജൂലിയ അലറിക്കരഞ്ഞ് ഒച്ചവച്ചതോടെ പുഴയിൽ കുളിച്ചുകൊണ്ടിരുന്ന കോളജ് വിദ്യാർഥികൾ ഓടിയെത്തി അമ്മയെയും മകളെയും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.
സ്ഥലത്തെത്തിയ കോതമംഗലം അഗ്നിരക്ഷാ സംഘം ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിയയുടെ ജീവൻ രക്ഷിക്കാനായില്ല.
മരിയയുടെ മൃതദേഹം കോതമംഗലം കോതമംഗലം ധർമഗിരി ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണു മരിയ. സഹോദരി: ജൂലിയ കോഴിപ്പിള്ളി മർത്തമറിയം സ്കൂൾ വിദ്യാർഥിനിയാണ്. പിതാവ് അബി ഈസ്റ്റേൺ കറി പൗഡർ സ്ഥാപനത്തിലെ ജീവനക്കാരനാണ്.