വിദ്യാർഥി, യുവജന സംഘടനാ മാർച്ചിൽ പ്രതിഷേധമിരമ്പി
Sunday, February 16, 2025 1:16 AM IST
ഗാന്ധിനഗര്‍: കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജിലേക്ക് എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകള്‍ മാര്‍ച്ച് നടത്തി.
പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് സമരക്കാര്‍ക്കെതിരേ ജലപീരങ്കി പ്രയോഗിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
റാഗിംഗ് നിരോധിച്ച സംസ്ഥാനമാണു കേരളം. തുടര്‍ന്നും വിദ്യാര്‍ഥികള്‍ റാഗിംഗിന് ഇരയാകുന്ന നിരവധി സംഭവങ്ങളുണ്ടായി. കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജില്‍ റാഗിംഗ് നടത്തിയവരേയും അതിന് കൂട്ടുനിന്നവരേയും തുറുങ്കിലടയ്ക്കുന്നതുവരെ ഈ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് പ്രിന്‍സിപ്പലിനേയും അസിസ്റ്റന്റ് വാര്‍ഡനേയും താല്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടു കാര്യമില്ല. റാഗിംഗ് തടയാന്‍ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്തവരാണ് അവരെന്നും ജിസ്മോന് കൂട്ടിച്ചേര്‍ത്തു.