കൊളവല്ലൂർ റാഗിംഗ്: മൂന്നുപേർ അറസ്റ്റിൽ
Sunday, February 16, 2025 1:16 AM IST
തലശേരി: കൊളവല്ലൂരിൽ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ് പ്ലസ് വൺ വിദ്യാർഥിയുടെ കൈയെല്ല് പൊട്ടിയ സംഭവത്തിൽ മൂന്ന് പ്ലസ്ടു വിദ്യാർഥികൾ അറസ്റ്റിലായി.
വിദ്യാർഥികളായ മുഹമ്മദ് നഹ്യാൻ (18), ഫസൽ (18), മുഹമ്മദ് നസിൽ (18) എന്നിവരെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റുചെയ്തത്.
സംഭവത്തിൽ അഞ്ചുപേർക്കെതിരേയാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്. അറസ്റ്റിലായ മൂന്നുപേരുൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേയാണ് കേസ്.
പാറാട് പി.ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് (17) കഴിഞ്ഞ ബുധനാഴ്ച മർദനമേറ്റത്. ആക്രമണത്തിന് നേതൃത്വം നൽകിയവരെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.