തരൂരിന്റെ ലേഖനം വസ്തുതകൾ മനസിലാക്കിയുള്ളത്: എം.വി. ഗോവിന്ദൻ
Sunday, February 16, 2025 1:16 AM IST
തിരുവനന്തപുരം: കോണ്ഗ്രസ് നേതാവ് ഡോ. ശശി തരൂർ എംപിയുടെ ലേഖനം കേരളത്തിന്റെ വ്യാവസായിക വളർച്ചയിലുള്ള വസ്തുതകൾ മനസിലാക്കിക്കൊണ്ടുള്ളതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്ള മറുപടി കൂടിയാണിത്. പൊതുവേ ശശിതരൂർ കാര്യങ്ങളെ രാഷ്ട്രീയം മാത്രം നോക്കാതെ ഗൗരവമായി കാണുന്ന നേതാവാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച തരൂരിനെ സിപിഎം അഭിനന്ദിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേരളം പ്രത്യേക സാന്പത്തിക പാക്കേജാണു കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സഹായത്തിനു പകരം വായ്പയാണു കേന്ദ്രം അനുവദിച്ചത്. എന്നാൽ നൽകുന്ന വായ്പ 45 ദിവസത്തിനുള്ളിൽ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു കേരളത്തെ പരിഹസിക്കുകയാണ്.
കോട്ടയം നഴ്സിംഗ് കോളജിൽ നടന്ന ക്രൂരമായ റാഗിംഗിൽ എസ്എഫ്ഐയെ വലിച്ചിഴക്കാനുള്ള നീക്കം ആസൂത്രിതമാണ്. നഴ്സിംഗ് കോളജിൽ നടന്ന സംഭവം അതീഭീകരമാണ്.
അതിനെതിരേ പൊതുവായ പ്രതിരോധമാണ് ഉണ്ടാകേണ്ടത്. അതിനുപകരം എസ്എഫ്ഐയെ എങ്ങനെ പെടുത്താമെന്നാണ് എല്ലാവരും നോക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.