സംഘടനയില്‍ ഭിന്നതയില്ല; താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം: ലിസ്റ്റിന് സ്റ്റീഫന്‍
Sunday, February 16, 2025 1:16 AM IST
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ ഭിന്നതയില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ട്രഷറര്‍ ലിസ്റ്റിന് സ്റ്റീഫന്‍. ജി. സുരേഷ്കുമാറും ആന്റണി പെരുമ്പാവൂരും സംഘടനയ്ക്ക് ഏറ്റവും വേണ്ടപ്പെട്ട ആളുകളാണ്.
ഇരുവരും സംഘടനയ്ക്കൊപ്പമാണെന്നും ലിസ്റ്റിന് പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന വൈകാതെ യോഗം ചേരും. ഇതില്‍ ആന്റണി പെരുമ്പാവൂരും സുരേഷ്കുമാറും ഉള്‍പ്പെടെ പങ്കെടുക്കും. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലം കുറയ്ക്കണം എന്നുതന്നെയാണ് അഭിപ്രായം.
സുരേഷ്കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നിര്‍മാതാക്കളുടെ സംഘടനയും മറ്റു സംഘടനകളും ചേര്‍ന്നുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ്. എന്നാല്‍ അതില്‍ തന്റെ സിനിമയെക്കുറിച്ച് സുരേഷ്കുമാര്‍ പറഞ്ഞതാണ് ആന്റണി പെരുമ്പാവൂരിനെ ബുദ്ധിമുട്ടിച്ചത്.
അത് ഒഴിവാക്കാമായിരുന്നു. സംഘടനയ്ക്കെതിരേ പറഞ്ഞ സാഹചര്യത്തിലാണു തങ്ങള്‍ ആന്റണി പെരുമ്പാവൂരിനെതിരേ പത്രക്കുറിപ്പ് ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. അത് സംഘടന എന്നനിലയില്‍ ചെയ്യേണ്ട കാര്യമാണ്.
ഒടിടി, സാറ്റലൈറ്റുകാര്‍ മലയാള സിനിമാ നിര്‍മാതാക്കളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല, അന്യഭാഷാ ചിത്രങ്ങള്‍ കൂടുതലായി എടുക്കുന്നു എന്നു തോന്നിയപ്പോഴാണ് അസോസിയേഷന് ‘അമ്മ’ ഉള്‍പ്പെടെ എല്ലാ സംഘടനകളുടെയും യോഗം വിളിച്ചത്.
എന്നാല്‍ ‘അമ്മ’ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. ഈ യോഗത്തില്‍ അഞ്ചു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലമുള്ളവര്ക്ക് തുടക്കത്തില്‍ 30 ശതമാനം, ഡബ്ബിംഗിനുമുമ്പ് 30 ശതമാനം, ബാക്കി റിലീസിനു മുമ്പ് എന്നിങ്ങനെ മൂന്നു ഘട്ടമായി നല്‍കാം എന്ന ധാരണയിലെത്തിയിരുന്നു.
ഈ തീരുമാനം താരസംഘടന അസോസിയേഷനെ അറിയിച്ചപ്പോള്‍ ജനറല്‍ ബോഡി കൂടിയശേഷം തീരുമാനം അറിയിക്കാമെന്നാണു പറഞ്ഞത്. ‘അമ്മ’യുമായി അസോസിയേഷന് ഇപ്പോഴും നല്ല ബന്ധമാണുള്ളത്.
നിര്‍മാതാക്കള്‍ ഉണ്ടെങ്കിലേ താരസംഘടനയുള്ളൂ, നടീനടന്മാര് ഉണ്ടെങ്കിലേ നിര്‍മാതാക്കള്‍ക്കും നിലനില്‍പ്പുള്ളൂ. ജൂണില്‍ സമരത്തിലേക്കു പോകാമെന്ന് യോഗത്തില്‍ തീരുമാനിച്ചിരുന്നു.
വ്യക്തിപരമായി സമരത്തെ താന്‍ അനുകൂലിക്കുന്നില്ല. അതേസമയം സംഘടനയുടെ ഭൂരിഭാഗം അഭിപ്രായം അതാണെങ്കില്‍ അതിനൊപ്പം നില്‍ക്കുമെന്നും ലിസ്റ്റിൻ പറഞ്ഞു.