കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർഥിക്കു പരിക്ക്
Sunday, February 16, 2025 1:16 AM IST
കാസർഗോഡ്: നഗരത്തിന്റെ തീരദേശമേഖലയായ തളങ്കരയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർഥിക്കു പരിക്ക്. പള്ളിക്കാലിലെ യൂസഫിന്റെ മകൻ ഷഹാമിനാണ് പരിക്കേറ്റത്.
പള്ളിക്കാൽ മുഹിയുദ്ദീൻ മദ്രസയിലെ വിദ്യാർഥിയായ ഷഹാം പുലർച്ചെ മസ്ജിദിലേക്ക് പോകുന്നതിനിടയിലാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
നടന്നുപോവുകയായിരുന്ന കുട്ടിയെ കാട്ടുപന്നി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റു. ഓടിമറഞ്ഞ പന്നിയെ കണ്ടെത്താനായില്ല.
കാസർഗോഡ് നഗരസഭയോടടുത്ത മൊഗ്രാൽ-പുത്തൂർ, മധൂർ പഞ്ചായത്തുകളിൽ പന്നിക്കൂട്ടമിറങ്ങുന്നതു പതിവായിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് തളങ്കരയിൽ കാട്ടുപന്നിയുടെ സാന്നിധ്യമെന്നു നാട്ടുകാർ പറഞ്ഞു.