വിജിലൻസ് പിടിമുറുക്കിയിട്ടും കൈക്കൂലി വിടാതെ റവന്യൂ വകുപ്പ്
Sunday, February 16, 2025 1:16 AM IST
തൃശൂർ: അഴിമതിക്കാരെ കുടുക്കാൻ വിജിലൻസ് പിടിമുറുക്കിയിട്ടും കൈക്കൂലിയിൽനിന്നു പിടിവിടാതെ റവന്യൂ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നായി 21 റവന്യൂ ഉദ്യോഗസ്ഥരെയാണ് ഇക്കൊല്ലം ഫെബ്രുവരി പകുതിയായപ്പോഴേക്കും വിജിലൻസ് പിടികൂടിയത്.
വിജിലൻസിന്റെ അഴിമതിക്കെണി പട്ടികയിൽ ഇനിയും ഇരുന്നൂറുപേരാണു നോട്ടപ്പുള്ളികളായിട്ടുള്ളത്. ഇവരുടെ പ്രവൃത്തികളെക്കുറിച്ചും ഇവരുമായി ബന്ധമുള്ളവരെക്കുറിച്ചുമെല്ലാം വിജിലൻസ് വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു.
വിവിധ റവന്യൂ ഓഫീസുകൾക്കു സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലുള്ളവരും നിരീക്ഷണത്തിലാണ്. അവരിൽനിന്നും പൊതുജനങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. തുടർച്ചയായ നിരീക്ഷണമാണു നടത്തിവരുന്നത്. പട്ടികയിലുള്ളവരെക്കൂടാതെയും വിജിലൻസിനു ലഭിച്ച പരാതികളിൽ നിരവധി ഉദ്യോഗസ്ഥർ പ്രാഥമികനിരീക്ഷണത്തിലാണ്.
വസ്തു തരംമാറ്റൽ, വസ്തുവിന്റെ ഫെയർവാല്യു പുനർനിർണയം, ബില്ലു മാറൽ, പട്ടയം, ലൊക്കേഷൻ സ്കെച്ച്, വസ്തു അളക്കൽ, മണ്ണുനീക്കൽ, ബിൽഡിംഗ് പെർമിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കു സമീപിച്ചവരിൽനിന്നാണ് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചുവാങ്ങിയിരുന്നത്.
ജാതി, വരുമാനം തുടങ്ങിയ ആവശ്യങ്ങൾക്കു സമീപിച്ച പാവപ്പെട്ട ആളുകളിൽനിന്നുപോലും കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്നാണ് വിജിലൻസിനു ലഭിച്ചിട്ടുള്ള വിവരം. ആവശ്യങ്ങൾക്കനുസരിച്ചു നൂറൂ രൂപമുതൽ ലക്ഷങ്ങൾവരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നത്.
ഡിജിറ്റൽ പണമിടപാടുകളിൽകൂടിയും കാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ പണം നിക്ഷേപിച്ചുമെല്ലാമാണ് അഴിമതിക്കാരുടെ കൈക്കൂലി വാങ്ങൽ. കൈക്കൂലി വാങ്ങാൻ ഏജന്റുമാരും രംഗത്തുണ്ട്. ഗൂഗിൾ പേയിലൂടെ ഏജന്റുവഴി ഒരുലക്ഷം രൂപ വാങ്ങിയ സംഭവവും സംസ്ഥാനത്തുണ്ടായി.
ജില്ലകളിലെ വിവിധ റവന്യൂ ഓഫീസുകളിലെ ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങുന്ന തുകയിൽനിന്ന് നിശ്ചിതശതമാനം തുക മാസപ്പടിയായി മേലുദ്യോഗസ്ഥൻ കൈപ്പറ്റുന്ന രീതിയും വകുപ്പിൽ ഉടലെടുത്തിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഈ വിഹിതത്തിനായി ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസ്യമായി വഴക്കിടുന്നതും പതിവായി.
ദിവസങ്ങൾക്കുമുന്പാണ് പ്രതിമാസ കോൺഫറൻസിന്റെ പേരിൽ ഒത്തുകൂടി പണംപങ്കുവയ്ക്കൽ നടത്തിയ റവന്യൂവകുപ്പ് ഡിഐജി അടക്കം ആറ് ഉദ്യോഗസ്ഥരെ തൃശൂരിലെ സ്വകാര്യ ബാറിൽനിന്നു പിടികൂടിയത്. ഇതിൽ ഡിഐജി ഒഴികെയുള്ളവർ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് സസ്പെൻഡ് ചെയ്തു.
റവന്യൂ വകുപ്പിലെ അഴിമതിക്കാരെ കുടുക്കാൻ മാസത്തിൽ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നാണു വിജിലൻസ് എസ്പിമാരോടു ഡയറക്ടർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാസംതോറും വിലയിരുത്താനും തീരുമാനമുണ്ട്.
വിജിലൻസ് ഡിഐജിക്കാണ് ഇതിന്റെ ചുമതല. പ്രവർത്തനം മോശമായവരെ മാതൃസേനയിലേക്കു മടക്കുമെന്നും ഡയറക്ടർ യോഗേഷ് ഗുപ്തയുടെ മുന്നറിയിപ്പുണ്ട്. ഒന്നരവർഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത വിജിലൻസ് യൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കാനും വിജിലൻസ് ഡയറക്ടർ നിർദേശം നല്കി.
റവന്യൂ വകുപ്പിൽ ഓപ്പറേഷൻ സുതാര്യത, ഓപ്പറേഷൻ കൺവെർഷൻ, ഓപ്പറേഷൻ വിസ്ഫോടൻ എന്നീ പേരുകളിലാണു വിജിലൻസ് പരിശോധനകൾ ആസൂത്രണം ചെയ്യുന്നത്. മറ്റു വകുപ്പുകളിലെ അഴിമതികൾക്കെതിരേയും വിജിലൻസ് ജാഗരൂകരാണ്. മോട്ടോർ വാഹനവകുപ്പിൽ ഓപ്പറേഷൻ ഓവർലോഡ് ത്രീ, ഭക്ഷ്യസുരക്ഷാവകുപ്പിൽ ഓപ്പറേഷൻ അപ്പറ്റൈറ്റ്, ആരോഗ്യവകുപ്പിൽ ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്നീ പേരുകളിലും മിന്നൽപരിശോധനകൾ നടത്തുന്നുണ്ട്.