റോഡ് വികസനമെന്നതു നാടിന്റെ വികസനമെന്ന്
Sunday, February 16, 2025 1:16 AM IST
കൂടരഞ്ഞി (കോഴിക്കോട്): വ്യവസായവളർച്ചയിലും നിക്ഷേപസൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയപങ്കാണു വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മലയോര ഹൈവേയുടെ പണിപൂർത്തിയായ കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനവും മലപ്പുറം- കോടഞ്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പണ്ടൊക്കെ കേരളത്തില്‍ നിക്ഷേപംനടത്താൻ വരുന്നവർക്ക് അതിനായി കണ്ടെത്തുന്ന സ്ഥലത്തു സമയത്ത് എത്തിച്ചേരാനാകുമായിരുന്നില്ല. അതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇത് ഇനിയും കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരും.
അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളം. അതുകൊണ്ടാണ് ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമേ മലയോര, തീരദേശപാതകൾ കൂടി കൊണ്ടുവരുന്നത്.
അതോടൊപ്പം കോവളം- ബേക്കൽ ജലപാതകൂടി വളരെ വേഗം പൂര്‍ത്തിയായിവരികയാണ്. ജലപാത യാത്രക്കാർക്കുമാത്രമല്ല ചരക്കുഗതാഗതത്തിനും ഉപയുക്തമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നടക്കില്ലെന്നു പലരും പ്രചരിപ്പിച്ച പദ്ധതികളാണു കൺമുന്നിൽ നടപ്പായിക്കൊണ്ടിരിക്കുന്നതെന്നു അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.