ചേന്ദമംഗലം കൂട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു
Sunday, February 16, 2025 1:16 AM IST
പറവൂര്‍: ചേന്ദമംഗലം കൂട്ടക്കൊലക്കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. പറവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വടക്കേക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജുവാണ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്.
292 പേജുള്ള കുറ്റപത്രത്തില്‍ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട വിനീഷയുടെ മക്കളായ 11 കാരി ആരാധ്യയുടെയും ആറു വയസുകാരി അവനിയുടെയും സാക്ഷിമൊഴികളും ഉള്‍പ്പെടെ 112 സാക്ഷിമൊഴികളും 60ലേറെ തെളിവുകളും സൈബര്‍ തെളിവുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 16നാണ് ചേന്ദമംഗലം പേരേപ്പാടത്ത് കാട്ടിപറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), ഇവരുടെ മകള്‍ വിനീഷ (32) എന്നിവരെ അയല്‍വാസിയായ കണിയാപറമ്പില്‍ ഋതു (27) വീട്ടില്‍ അതിക്രമിച്ചുകയറി തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. ഒരു മാസം തികയും മുമ്പു തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായത് പോലീസിന്റെ അന്വേഷണമികവിന് അംഗീകാരമായി. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണനായിരുന്നു അന്വേഷണച്ചുമതല.