ബാങ്ക് കവർച്ച : പ്രതി കാണാമറയത്ത്
Sunday, February 16, 2025 1:16 AM IST
ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ കത്തി കാട്ടി 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതിക്കുവേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കി പോലീസ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരക്കെ പരിശോധിച്ചുവരികയാണ്. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചതെങ്കിലും അത് അന്വേഷണം വഴിതെറ്റിക്കാനാണോ എന്ന സംശയമുണ്ട്. കവർച്ചയ്ക്കുമുന്പ് ബാങ്കിലെത്തി നിരീക്ഷണം നടത്തിയായിരിക്കണം സ്ഥിതിഗതികൾ മനസിലാക്കിയതെന്നാണ് പോലീസ് കരുതുന്നത്. ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയംതന്നെ മോഷ്ടാവ് മോഷണത്തിനു തെരഞ്ഞെടുത്തത് ഇങ്ങനെയായിരിക്കാമെന്നും കരുതുന്നു.
മോഷണവുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ചാലക്കുടി ഡിവൈഎസ് പി.കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അന്വേഷണം നടത്തുന്നത്.
മോഷണത്തിനുശേഷം പ്രതി പോയത് അങ്കമാലി ഭാഗത്തേക്കാണെന്നതാണ് അന്വേഷണസംഘത്തിനു ലഭിച്ച ആദ്യവിവരം. പ്രതിയുടെ വാഹനംപോലും കണ്ടെത്താല്‍ ഇതുവരെ സാധിച്ചിട്ടില്ല.
പ്രതി സംസ്ഥാനംതന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാലാണ് അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചത്. ഇതിനിടെ പ്രതി തൃശൂർ ഭാഗത്തേക്കു പോയതായി സൂചന ലഭിച്ചതിനെത്തുടർന്ന് ഈ മേഖലയിലും തെരച്ചിൽ നടത്തിയിരുന്നു.