ഓൺലൈൻ തട്ടിപ്പ് : 36 ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ
Sunday, February 16, 2025 1:16 AM IST
കളമശേരി: ഫോണിലൂടെ വിളിച്ച് ആൾമാറാട്ടം നടത്തി പണം തട്ടിയ യുവാവ് പിടിയിൽ. എറണാകുളം സ്വദേശിനിയിൽനിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത കൊല്ലം വെസ്റ്റ് കല്ലട കാരാളി ജംഗ്ഷൻ ആൻസി ക്വാർട്ടേഴ്സിൽ അലൻ തങ്കച്ചനെ(26)യാണ് കളമശേരി പോലീസ് കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തത്.
കൊറിയർ സർവീസിൽനിന്നുള്ള അങ്കിത് കുമാർ, മുംബൈ സൈബർ പോലീസിൽനിന്നുള്ള അമ്നീത് കൊണ്ടൽ എന്നീ പേരുകളിലാണ് ഇയാൾ പരാതിക്കാരിയെ ബന്ധപ്പെട്ടത്. ഫോണിൽ ബന്ധപ്പെട്ട് മുംബൈയിൽനിന്നു തായ്വാനിലേക്ക് കൊറിയർ സർവീസ് വഴി അയച്ച പാഴ്സലിൽ മയക്കുമരുന്നുണ്ടെന്നു പറഞ്ഞ് പേടിപ്പിക്കുകയായിരുന്നു.
പരാതിക്കാരിയുടെ പേരിൽ മുംബൈ അന്ധേരി ഈസ്റ്റ് ഐസിഐസിഐ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടെന്നും അതിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ട്രാൻസാക്ഷൻ നടത്തിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
ബാങ്ക് അക്കൗണ്ടിലും മറ്റുമുള്ള പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റണമെന്നും പരിശോധിച്ച് ക്ലിയർ ചെയ്തു പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇത്തരത്തിൽ പരാതിക്കാരിയുടെ വിവിധ അക്കൗണ്ടുകളിൽനിന്നും പണം ഇടാക്കുകയായിരുന്നു.
ഇൻസ്പെക്ട൪ എം.ബി. ലത്തീഫിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സെബാസ്റ്റ്യൻ പി. ചാക്കോ, രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു, എസ്. അരുൺ, വിനീഷ് എന്നിവര്‍ ചേർന്ന് കൊല്ലത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ ആറോളം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമാനരീതിയിൽ തുകകൾ വന്നിട്ടുള്ളതായാണു വിവരം. പ്രതിയെ കളമശേരി കോടതി റിമാൻഡ് ചെയ്തു.