സ്വകാര്യ സർവകലാശാല കർശന സാമൂഹിക നിയന്ത്രണങ്ങളോടെ: മന്ത്രി ബിന്ദു
Sunday, February 16, 2025 1:16 AM IST
തൃശൂർ: സ്വകാര്യ സർവകലാശാലകൾ കേരളത്തിലേക്കു പണ്ടു വരുന്പോൾ സംസ്ഥാനത്തിന്റെ നില പരിതാപകരമായിരുന്നുവെങ്കിൽ നിലവിലെ അവസ്ഥ അപ്രകാരമല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
കർശനമായ സാമൂഹികനിയന്ത്രണങ്ങളോടെയാകും സ്വകാര്യസർവകലാശാലകളെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക. സ്വകാര്യസർവകലാശാലകളെ പ്രവർത്തിക്കാൻ അനുവദിക്കാമെന്ന മന്ത്രിസഭയുടെ അംഗീകാരംമാത്രമേ നിലവിൽ നൽകിയിട്ടുള്ളൂ.
ബിൽ പാസായശേഷംമാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. തൃശൂർ പ്രസ്ക്ലബ്ബിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
എൻഐആർഎഫ് റാങ്കിംഗിൽ രാജ്യത്തെ ആദ്യ 200 കോളജുകളിൽ കേരളത്തിലെ 42 കോളജുകളുണ്ട്. കഴിഞ്ഞ നാലുവർഷത്തിനകം 6,000 കോടി രൂപയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം ചെലവഴിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം മാത്രം 1883.35 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചത്.നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ ഡബിൾ പ്ലസ് നേടിയപ്പോൾ കാലിക്കട്ട്, കാലടി, കുസാറ്റ് എന്നിവ എ പ്ലസ് ഗ്രേഡിംഗ് നേടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.