മാണിസം തികഞ്ഞ സ്വദേശി പ്രത്യയശാസ്ത്രം: ജോസ് കെ. മാണി
Sunday, February 16, 2025 1:16 AM IST
കോട്ടയം: നാടിന്റെ സ്പന്ദനങ്ങളെയും ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും ആഴത്തിൽ തൊട്ടറിഞ്ഞ് പരിഹാരം നിർദേശിക്കുന്ന തികഞ്ഞ സ്വദേശി പ്രത്യയ ശാസ്ത്രമാണ് മാണിസമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി.
കേരള യൂത്ത് ഫ്രണ്ട്- എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാണിസം യൂത്ത് കോൺക്ലേവ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക വൈവിധ്യം നിറഞ്ഞ ഒരു സമൂഹത്തിൽ ഭരണകൂടം എങ്ങനെയായിരിക്കണം പ്രാവർത്തികമാകേണ്ടതെന്ന് കേരളത്തിന്റെ ഉദാഹരണത്തിലൂടെ തെളിയിക്കാൻ മാണിസത്തിന് കഴിഞ്ഞു. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായ ഭേദഗതി ചെയ്തില്ലെങ്കിൽ കേരളത്തിലെ മലയോര മേഖലകളിൽ ജനജീവിതം അസാധ്യമാകുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്.
മാണിസം ഒരു പ്രത്യയശാസ്ത്രം മാത്രമല്ല നിലനിൽപ്പിനും അതിജീവനത്തിനും ജനസമൂഹങ്ങൾക്ക് പ്രചോദനം നൽകുന്ന വർഗസമര മാർഗം കൂടിയാണെന്നും ജോസ് കെ. മാണി കൂട്ടിചേർത്തു.
സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ, എംഎൽഎ മാരായ ഡോ. എൻ. ജയരാജ്, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, നേതാക്കളായ അലക്സ് കോഴിമല, പ്രഫ. ലോപ്പസ് മാത്യു, സണ്ണീ തെക്കേടം, വിജി എം. തോമസ് , ജോണി നല്ലൂർ, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ഷിബു തോമസ്, ടോബി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.