വൈറ്റിലയിലെ ‘ചന്ദര്‍ കുഞ്ച് ’ഫ്ലാറ്റ് ഉടന്‍ പൊളിക്കും: കളക്ടർ
Sunday, February 16, 2025 1:15 AM IST
കൊച്ചി: ബലക്ഷയത്തെത്തുടര്‍ന്ന് പൊളിച്ചുകളയാന്‍ ഹൈക്കോടതി ഉത്തരവിട്ട വൈറ്റിലയിലെ ‘ചന്ദര്‍ കുഞ്ച്’ ഫ്ലാറ്റ് സമുച്ചയം ഉടൻ പൊളിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്.
ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് കൃത്യമായൊരു സമയം നിലവില്‍ നിശ്ചയിച്ചിട്ടില്ല. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയുള്ള സാഹചര്യത്തില്‍ എത്രയും വേഗം ഫ്ലാറ്റുകള്‍ പൊളിക്കാനാണു നീക്കം. അതേസമയം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതു സംബന്ധിച്ച് ഉറപ്പാക്കേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കളക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച സമിതി ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. തുടർന്നാണ് കളക്ടർ തീരുമാനങ്ങൾ അറിയിച്ചത്. ഡെപ്യൂട്ടി കളക്ടര്‍, പൊളിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ബി, സി ടവറുകളിലെ റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികള്‍, സ്ട്രക്ചറല്‍ എന്‍ജിനിയര്‍, തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എന്‍ജിനിയര്‍, ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഡിമോളിഷന്‍ എക്സ്പേര്‍ട്ടും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.