കേന്ദ്രത്തിനെതിരേ സർക്കാരുമായി ചേർന്നു സമരത്തിനു തയാറെന്നു കെ. സുധാകരൻ
Sunday, February 16, 2025 1:15 AM IST
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനു ഗ്രാന്റായി പണം നൽകാതെ വായ്പ അനുവദിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരേ സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിനു തയാറാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി വ്യക്തമാക്കി.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കൽ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നടപടി ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്.
വായ്പ വിനിയോഗത്തിന് ഒന്നരമാസം കാലാവധി നിശ്ചയിച്ചത് അപ്രായോഗികവും വയനാട് പുനർനിർമാണ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണ്.
ഒരു കാരണവശാലും കേരളം വായ്പ ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. കേരള ജനതയെയും വയനാടിനെയും കേന്ദ്രസർക്കാർ മനഃപൂർവം ദ്രോഹിക്കുകയാണെന്നു സുധാകരൻ പറഞ്ഞു.