ആശയറ്റ് ആശ വര്‍ക്കര്‍മാര്‍; ചര്‍ച്ചയില്‍ തീരുമാനമായില്ല, സമരം തുടരും
Sunday, February 16, 2025 1:15 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതോടെ ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന രാപകല്‍ സമരം തുടരും.
വിരമിക്കല്‍ ആനകൂല്യം, ഓണറേറിയം വര്‍ധിപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമാകാതെ വന്നതോടെ 20ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാര്‍ച്ച് നടത്തുന്നതിനും പ്രവര്‍ത്തകരുടെ മഹാ സംഗമം സംഘടിപ്പിക്കുന്നതിനും ആശ വര്‍ക്കര്‍മാരുടെ സംഘടനയായ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് തീരുമാനിച്ചു.
ഓണറേറിയം വര്‍ധിപ്പിക്കുക, മൂന്നുമാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, എല്ലാമാസവും ഓണറേറിയും കൃത്യമായി നല്‍കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ 10 മുതല്‍ ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്.
മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച അക്ഷരാര്‍ഥത്തില്‍ പ്രഹസനമായിരുന്നുവെന്ന് സമരത്തിനു നേതൃത്വം നല്കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് ഭാരവാഹികൾ പറഞ്ഞു. ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു , പ്രസിഡന്റ് വി.കെ. സദാനന്ദന്, വൈസ് പ്രസിഡന്റ് റോസി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.