അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം: ഭാരവാഹനങ്ങള്‍ക്കു ഗതാഗത നിയന്ത്രണം
Sunday, February 16, 2025 1:15 AM IST
കൊച്ചി: അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തോടനുബന്ധിച്ച് പാതയില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
ഭാരവാഹനങ്ങളെ ദേശീയപാതയ്ക്കു പകരം വിവിധ പഞ്ചായത്തുകളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള റോഡുകളിലൂടെ തിരിച്ചുവിടാനാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിന്റെ അധ്യക്ഷതയില്‍ എറണാകുളം ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം.
നിർമാണ തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍. നിർമാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നിവയും മുന്നില്‍ക്കണ്ടാണു നീക്കം.
ഗതാഗതപരിഷ്കരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കു വ്യക്തമായ അവബോധം നല്‍കും. ഇതിനായി വാഹനങ്ങള്‍ തിരിഞ്ഞു പോകുന്ന പ്രദേശങ്ങളില്‍ ട്രാഫിക് വാര്ഡൻമാരുടെയും പോലീസിന്റെയും സേവനം ഉപയോഗപ്പെടുത്തും. ഇതിനു വേണ്ട ചെലവ് ദേശീയപാതാ അഥോറിറ്റി വഹിക്കും.
ഡൈവേര്ഷന് വരുന്ന പ്രദേശങ്ങള്‍ക്ക് അര കിലോമീറ്റര്‍ മുമ്പായി വലിയ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കും. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ സൈറ്റ് വിസിറ്റുകളും സുരക്ഷാ ഓഡിറ്റിംഗും നടത്തും.