ഒരു വർഷത്തിനകം ആദ്യഘട്ട പുനരധിവാസമെന്ന് മന്ത്രി ബാലഗോപാൽ
Saturday, February 15, 2025 1:42 AM IST
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി അനുവദിച്ച കാപ്പക്സ് വായ്പയുമായി ബന്ധപ്പെട്ട് കേന്ദ്രം എല്ലാ അനുമതിയും ലഭ്യമാക്കിയാൽ അടുത്ത ഒരു വർഷത്തിനകം ആദ്യഘട്ട പുനരധിവാസ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ.
വയനാട് പുനർനിർമാണത്തിനായി 2000 കോടിയുടെ ഗ്രാന്റാണ് ചോദിച്ചത്. സാധാരണയായി ഇത്തരം ദുരന്തങ്ങൾക്കായി ഗ്രാന്റാണ് കൊടുക്കുന്നത്. ഇതു കിട്ടാതെ വന്നതോടെയാണ് വായ്പയും ചോദിച്ചത്.
ദീർഘകാല വായ്പയാണെങ്കിലും ഇത് തിരിച്ച് അടയ്ക്കേണ്ടതാണ്. വിനിയോഗ സർട്ടിഫിക്കറ്റ് ഒന്നര മാസത്തിനകം നൽകുന്നത് അപ്രായോഗികമാണെങ്കിലും പ്രായോഗികതലത്തിൽ എത്തിക്കാനുള്ള നടപടികൾ ധനവകുപ്പ് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.