കൂട്ടിക്കലിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി
Saturday, February 15, 2025 1:40 AM IST
കൂട്ടിക്കൽ: പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട മ്ലാക്കര ടോപ്പ് ഭാഗത്ത് പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ പൊതുകത്ത് പി.കെ. ബാബുവിന്റെ പുരയിടത്തിലാണ് പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്.
രാവിലെ റബർ ടാപ്പ് ചെയ്യുന്നതിനിടയിലാണ് ബാബു പുലി ചത്തുകിടക്കുന്നത് കണ്ടത്. ഉടൻ പഞ്ചായത്ത് മെംബറെ വിവരം അറിയിക്കുകയായിരുന്നു. മുണ്ടക്കയത്തുനിന്നു പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പുലിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. പ്രായപൂർത്തിയായ പെൺപുലിയാണ് ചത്തതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മേഖലയിൽ കൂടുതൽ പരിശോധനകൾ നടത്തി.
ഷെഡ്യൂൾ ഒന്നിൽപ്പെട്ട മൃഗമായതിനാൽ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കായി പുലിയുടെ ജഡം വണ്ടൻപതാലിലേക്ക് കൊണ്ടുപോയി. തേക്കടിയിൽനിന്നുള്ള മൃഗ ഡോക്ടർമാരുടെ നേതൃത്വത്തിലാകും പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക.
മേഖലയിൽ പുലിയുടെ സാന്നിധ്യം മുന്പ് സ്ഥിരീകരിച്ചിട്ടില്ല. കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യമുള്ളതായി പ്രദേശവാസികൾ പറയുന്നു. പുലിയെ ചത്ത നിലയിൽ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി.