റവ. ഡോ. പോൾ പൂവത്തിങ്കലിനു കലൈ കാവേരി പുരസ്കാരം
Saturday, February 15, 2025 1:40 AM IST
തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫൈൻ ആർട്സ് കോളജായ തമിഴ്നാട്ടിലെ ട്രിച്ചി കലൈ കാവേരി മ്യൂസിക് ആൻഡ് ഡാൻസ് കോളജിന്റെ ഈ വർഷത്തെ സംഗീതപുരസ്കാരം കർണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ പാടുംപാതിരി റവ. ഡോ. പോൾ പൂവത്തിങ്കൽ സിഎംഐക്ക്.
25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് മാർച്ച് ഒന്നിനു തിരുച്ചിറപ്പിള്ളിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സമ്മാനിക്കും.
ഇന്ത്യയിലാദ്യമായി വോക്കോളജി ചികിത്സ ആരംഭിച്ചതും, ഏറ്റവും ആധുനികമായ മസ്തിഷ്ക സംഗീത ചികിത്സവഴി (ന്യൂറോളജിക് മ്യൂസിക് തെറാപ്പി) ഭിന്നശേഷികുട്ടികളിടെ മസ്തിഷ്കവികസനത്തിനും സംഗീതലോകത്തിനു പൊതുവായും നൽകിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ഫാ. പോളിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്നു കലൈ കാവേരി ഭാരവാഹികൾ അറിയിച്ചു.
അടുത്തിടെ റവ. ഡോ. പോൾ പൂവത്തിങ്കലും മനോജ് ജോർജും ചേർന്നു സംഗീതം നൽകി യേശുദാസും റവ. ഡോ. പോളും സംഘവും ആലപിച്ച ‘സർവേശ ആത്മീയ’ സംഗീത ആൽബം രാജ്യാന്തരപ്രശസ്തി നേടിയിരുന്നു.