പാർട്ടിതല അന്വേഷണവുമായി സിപിഎം: അൻവറിനു പിന്നിലെ സൂത്രധാരനാര്?
Tuesday, October 1, 2024 4:15 AM IST
എം. പ്രേംകുമാർ
തിരുവനന്തപുരം: സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ പി.വി.അൻവർ എംഎൽഎയുടെ വിവാദ തുറന്നുപറച്ചിലുകൾക്കു പിന്നിലെ സൂത്രധാരനെ തേടി സിപിഎം.
അൻവറിനെതിരേയുള്ള സംസ്ഥാന ഇന്റലിജൻസിന്റെ രഹസ്യാന്വേഷണത്തിനൊപ്പം പാർട്ടിതലത്തിലും ഇക്കാര്യത്തിൽ പരിശോധന നടത്താനാണു സിപിഎം തീരുമാനം. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ് അന്വേഷണം നടത്തുക.
എന്നാൽ കമ്മീഷനംഗങ്ങളെയൊന്നും പാർട്ടി തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അൻവർ നടത്തിയ ആക്ഷേപങ്ങൾ പൂർണമായും തള്ളിയ സിപിഎം മുഖ്യമന്ത്രിക്കൊപ്പമാണെന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്.
ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചു മുസ്ലിം സമുദായത്തെ പാർട്ടിയിൽനിന്നും അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണു പി.വി.അൻവർ മുഖ്യമന്ത്രിക്കെതിരേ ഇപ്പോൾ മതപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നു സിപിഎം കരുതുന്നില്ല.
മുഖ്യമന്ത്രിയുമായും പാർട്ടിയുമായും നല്ല ബന്ധം സൂക്ഷിച്ചുപോന്ന അൻവർ ഇപ്പോൾ പറയുന്ന കാര്യങ്ങൾ മറ്റ് ആക്ഷേപങ്ങളിൽനിന്നും തികച്ചും വിഭിന്നമാണ്. എഡിജിപി എം.ആർ. അജിത്കുമാറുമായുള്ള കലഹത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ എന്തിനു പ്രതിക്കൂട്ടിലാക്കണമെന്ന ചോദ്യമാണു സിപിഎമ്മിനുള്ളിലും ഉയരുന്നത്.
എഡിജിപിക്കെതിരേയുള്ള പരാതി അൻവർ നേരിട്ടും കത്തിലൂടെയും നിരവധി തവണ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. പരാതിയുടെ അടിസ്ഥാനത്തിൽ എഡിജിപിക്കെതിരേ അന്വേഷണവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ അസംതൃപ്തിയില്ലെന്ന് ആദ്യഘട്ടത്തിൽ അൻവർ തന്നെ പറയുകയും ചെയ്തു. എന്നാൽ പിന്നീടു സംഭവിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയേയും ഞെട്ടിച്ചു.
അജിത്കുമാറിനെതിരേ മാത്രമല്ല മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും അൻവർ ആഞ്ഞടിച്ചു. അജിത്തിനും ശശിക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു പറഞ്ഞ അൻവർ, ഒടുവിൽ മുഖ്യമന്ത്രിയാണ് ഇവർക്കു കൂട്ടെന്നും പറഞ്ഞു. ഇതോടെ സിപിഎം കേന്ദ്രങ്ങൾ ഞെട്ടി. അൻവറിനു പിന്നിൽ പ്രതിപക്ഷമല്ല പാർട്ടിയിലെ തന്നെ ചിലരെന്ന സംശയവും ഇതോടെ ഉണ്ടായി. ആരെ സംശയിക്കണമെന്ന ആശങ്കയിലാണ് ഇപ്പോൾ സിപിഎം. അൻവറാകട്ടെ ഇതിന്റെ ഒരു സൂചനയും ഇതുവരെയും നൽകിയിട്ടുമില്ല.
സംസ്ഥാനത്തെ സിപിഎമ്മിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ പിണറായി വിജയനല്ലാതെ മറ്റൊരു നേതാവും ഇത്ര ഗുരുതരമായ ആരോപണങ്ങളിൽ പെട്ടിട്ടില്ല. മുന്പൊക്കെ ചെറിയൊരു ആരോപണം ഉയരുന്പോൾതന്നെ പാർട്ടിതല അന്വേഷണവും അച്ചടക്ക നടപടിയുമൊക്കെ സിപിഎമ്മിൽ ഉറപ്പായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കാര്യങ്ങൾ പിണറായി വിജയൻ ചിന്തിക്കുന്നതുപോലെ സിപിഎമ്മിൽ നടക്കുന്നുവെന്നതാണു യാഥാർഥ്യം. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി സിപിഎം ലോക്കൽ സമ്മേളനങ്ങളിലേക്കു കടക്കുകയാണ്.
കഴിഞ്ഞ എട്ടുവർഷം സിപിഎമ്മിൽ കാണാത്ത വിമർശനങ്ങളാണ് ഇപ്പോൾ പിണറായി വിജയനെതിരേ പാർട്ടിയിൽ ഉയരുന്നത്. മറുപടി പറയാൻ നേതാക്കൾക്കും കഴിയുന്നില്ല. മുഖ്യമന്ത്രി പാർട്ടിയെ നിരന്തരം സമ്മർദത്തിലാക്കുന്നുവെന്ന വികാരം നേതാക്കൾക്കുമുണ്ട്. പക്ഷേ മുഖ്യമന്ത്രിക്കെതിരേ ആര്, എവിടെ, എങ്ങനെ തുടങ്ങുമെന്ന പരുങ്ങലിലാണു കാര്യങ്ങൾ.
കടുത്ത തീരുമാനത്തിലൂടെ മുഖ്യമന്ത്രിയെ കൈവിടുന്ന സ്ഥിതി ഉണ്ടായാൽ നിലവിലെ സാഹചര്യത്തിൽ അതു പാർട്ടിക്കു ദോഷമേ ഉണ്ടാക്കൂ എന്ന ബോധ്യം സംസ്ഥാനത്തെ നേതാക്കൾക്കു മാത്രമല്ല കേന്ദ്ര നേതാക്കൾക്കുമുണ്ട്. ഒരുപക്ഷേ സീതാറാം യെച്ചൂരി ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ പിണറായി വിജയൻ കൂടുതൽ സമ്മർദത്തിലാകുമെന്നു ചിന്തിക്കുന്നവരും സിപിഎമ്മിലുണ്ട്.
ആരോപണങ്ങളെല്ലാം പ്രതിരോധിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരേ വിവാദമുണ്ടായിട്ടുള്ള സാഹചര്യങ്ങളിലെല്ലാം അദ്ദേഹംതന്നെ അതിനെ അതിജീവിച്ചുപോന്ന സന്ദർഭങ്ങളാണ് ഉണ്ടായിട്ടുള്ളത്. അപ്പോഴെല്ലാം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വഴിക്കുവിടുന്ന നിലപാടാണു സിപിഎം നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്.
ഒടുവിൽ സ്വന്തം പക്ഷത്തുള്ള എംഎൽഎ തന്നെ ഗുരുതരമായ ആരോപണങ്ങളുമായി മുഖ്യമന്ത്രിക്കെതിരേ രംഗത്തുവരുന്പോൾ അദ്ദേഹംതന്നെ അതിനെ സമർഥമായി പ്രതിരോധിക്കുന്ന സ്ഥിതിയാണു നിലവിൽ കാണുന്നത്.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിനിർത്തി അന്വേഷണം വേണമെന്ന സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ ആവശ്യം മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. സിപിഎമ്മും പൂർണമായും മുഖ്യമന്ത്രിയുടെ ഈ നിലപാടിനൊപ്പം നിന്നു. ചിലപ്പോൾ ഡിജിപിയുടെ റിപ്പോർട്ട് എഡിജിപിക്ക് എതിരായാൽ നടപടി ഉണ്ടാകും.
അപ്പോഴും വിജയിക്കുന്നതു പിണറായി വിജയൻ തന്നെയാകും. റിപ്പോർട്ടു വരട്ടേ, അതിനുശേഷം നടപടിയെ സംബന്ധിച്ച് ആലോചിക്കാമെന്ന പിണറായിയുടെ നിലപാടും ഇതോടെ അംഗീകരിക്കപ്പെടും. ഇതാണു സിപിഎമ്മും ഇപ്പോൾ ആഗ്രഹിക്കുന്നത്.
എന്നാൽ, പി.വി.അൻവറിനു പിന്നിലെ വിവാദങ്ങളുടെ സൂത്രധാരൻ ആരാണെന്നു സിപിഎമ്മിന് അറിഞ്ഞേ മതിയാകൂ. എതിരാളികളുടെ കൈയിലെ ആയുധമാകാൻ അൻവറിനെ പാർട്ടിക്കുള്ളിൽ നിന്നും ആരു സഹായിച്ചു എന്നതാണ് ഇനി കണ്ടെത്തേണ്ടത്. അതിനുള്ള ശ്രമമാണ് ഇപ്പോൾ സിപിഎം നടത്തുന്നത്.