“കുന്തവും കുടച്ചക്രവും!” അർഥം എവിടെത്തപ്പും; കോടതിക്കും സംശയം
Sunday, November 3, 2024 2:53 AM IST
കൊച്ചി: മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിലെ ‘കുന്തം കുടച്ചക്രം’ എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്താണെന്ന് ഹൈക്കോടതി. സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ആരാഞ്ഞു.
ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരേയുള്ള അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വാദത്തിന്മേലുള്ള വിധി പറയാന്‍ മാറ്റി. പ്രസംഗിച്ചയാള്‍ ഉദ്ദേശിച്ചില്ലെങ്കില്‍പ്പോലും പറയുന്ന വാക്കുകള്‍ ചിലപ്പോള്‍ ബഹുമാനക്കുറവ് സൃഷ്ടിക്കാം. മന്ത്രിയുടെ പ്രസംഗത്തില്‍ ബഹുമാനക്കുറവ് ധ്വനിപ്പിക്കുന്ന വേറെയും പരാമര്‍ശങ്ങള്‍ ഉണ്ടല്ലോയെന്നും കോടതി സൂചിപ്പിച്ചു. പ്രസംഗത്തിന്റെ പൂര്‍ണരൂപം പെന്‍ഡ്രൈവിലാക്കി നല്കാന് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചു.
2022 ജൂലൈ മൂന്നിന് മന്ത്രി സജി ചെറിയാന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തിന്റെ പേരിലെടുത്ത കേസിന്റെ അന്വേഷണം അവസാനിപ്പിച്ചാണു പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തള്ളണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയിലാണ് ഇന്നലെ വാദം പൂര്‍ത്തിയായത്.
‘ഇന്ത്യയില്‍ ഏറ്റവുമധികം ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം, കുന്തവും കുടച്ചക്രവുമൊക്കെ അതിന്റെ മൂലയിലുണ്ട്’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ മന്ത്രി നടത്തിയിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളിവര്‍ഗത്തെ ചൂഷണം ചെയ്യുന്നുവെന്ന വിമര്‍ശനം ഉന്നയിച്ചതല്ലാതെ, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണു പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോപണത്തെത്തുടര്ന്നു രാജിവച്ച സജി ചെറിയാന് അന്തിമ റിപ്പോര്‍ട്ടിനു പിന്നാലെ വീണ്ടും മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികള്‍ തള്ളിയുമാണ് പോലീസ് നിഗമനത്തിലെത്തിയതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.
നാഷണല്‍ ഓണര്‍ ആക്ടിന്റെ 2003ലെ ഭേദഗതിപ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്ന് കോടതി കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു.