ആരോപണവുമായി തിരൂർ സതീഷ്; സുരേന്ദ്രൻ കള്ളപ്പണം കൈയിട്ടുവാരി
സ്വന്തം ലേഖകൻ
Monday, November 4, 2024 3:29 AM IST
തൃശൂർ: സിപിഎം തന്നെ വിലയ്ക്കെടുത്തെന്ന ആരോപണം തള്ളി ബിജെപിയുടെ മുൻ തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കൊടകര കവർച്ചയ്ക്കുശേഷം ധർമരാജൻ ആദ്യം ഫോണിൽ ബന്ധപ്പെട്ടതു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ മകനെയുമാണ്. കള്ളപ്പണക്കാരുമായി ബിജെപി സംസ്ഥാന അധ്യക്ഷന് എന്താണു ബന്ധമെന്നും സതീഷ് ചോദിച്ചു.
ബുദ്ധിമുട്ടുണ്ടെങ്കിൽ ആരിൽനിന്നെങ്കിലും പണം കടംമേടിക്കുമെന്നും ആർക്കും തന്നെ വിലയ്ക്കുവാങ്ങാൻ കഴിയില്ലെന്നും സതീഷ് മാധ്യമങ്ങളോടു പറഞ്ഞു. “കോഴിക്കോട്ടുനിന്നു കൊണ്ടുവന്ന കള്ളപ്പണത്തിൽ ഒരു കോടി സുരേന്ദ്രൻ അടിച്ചുമാറ്റിയെന്ന് ധർമരാജൻ എന്നോടു പറഞ്ഞിട്ടുണ്ട്. പാർട്ടിയിൽനിന്ന് എന്നെ പുറത്താക്കിയെന്ന തൃശൂർ ജില്ലാ പ്രസിഡന്റിന്റെ വാദം നുണയാണ്. സാന്പത്തികതിരിമറി നടത്തിയിട്ടില്ല. 30 വർഷമായി ബിജെപി പ്രവർത്തകനാണ്. പാർട്ടിപ്രവർത്തനം നടത്തിയതിന്റെ പേരിലുള്ള കേസുകളാണ് എനിക്കെതിരേയുള്ളത്. വ്യക്തിപരമായ കേസുകളില്ല. എന്നാൽ, എല്ലാവരുടെയും കള്ളപ്പണം ഇടപാടുകളും പാർട്ടിയെ വഞ്ചിച്ച വിവരങ്ങളും അറിയാം. ഇവ പുറത്തുവിടും’’- സതീഷ് പറഞ്ഞു.
രണ്ടുദിവസംമുന്പ് കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് സതീഷ് നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണു തിരികൊളുത്തിയത്. ശോഭ സുരേന്ദ്രൻ തിടുക്കപ്പെട്ടുനടത്തിയ പത്രസമ്മേളനത്തെയും സതീഷ് തള്ളി. “അവരുടെ പേര് മാധ്യമങ്ങൾക്കുമുന്പിൽ പറഞ്ഞിട്ടില്ല. ആരെ തൃപ്തിപ്പെടുത്താനാണ് ശോഭ കള്ളംപറയുന്നത്? ശോഭയെ പാർട്ടിയുടെ ജില്ലാ ഓഫീസിൽ കടത്തരുതെന്നു പറഞ്ഞയാളാണ് തൃശൂർ ജില്ലാ അധ്യക്ഷൻ അനീഷ്കുമാർ.
പത്രസമ്മേളനം നടത്താൻ വരികയാണെങ്കിൽ അകത്തുകടത്തരുത്, മുറി പൂട്ടിയിട്ടോ എന്നു പറഞ്ഞിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റായ അവരോട് ഓഫീസിലേക്കു കടക്കരുത് എന്നുപറയാൻ എനിക്കു സാധിക്കില്ലെന്നു പറഞ്ഞു. ശോഭ പറഞ്ഞിട്ടല്ല ഞാൻ ആരോപണം ഉന്നയിച്ചത്. പക്ഷേ, നവംബർ-ഡിസംബർ മാസങ്ങളിൽ പറഞ്ഞാൽ എനിക്കു ഗുണമുണ്ടാകുമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ എന്നാണ് അവർ പറഞ്ഞത്. അതിന്റെ അർഥം ബിജെപി സംസ്ഥാന അധ്യക്ഷപദവിയാണെന്നാണു ഞാൻ മനസിലാക്കുന്നത്.
2021 ഏപ്രിൽ രണ്ടിനു ചാക്കുകളായി ഓഫീസിൽ ധർമരാജൻ എത്തിച്ചതു പണമായിരുന്നെന്നുമാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഇത് എത്രയെന്നും എന്തു ചെയ്തെന്നും ബാക്കി പണമുണ്ടായിരുന്നോ എന്നും ഞാൻ പറഞ്ഞിട്ടില്ല. പണം ഓഫീസിൽ എത്തിച്ചെന്നു പറഞ്ഞപ്പോൾതന്നെ ജില്ലാ അധ്യക്ഷനും സംസ്ഥാന അധ്യക്ഷനും വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് ആരോപണമുന്നയിച്ചത്. എത്ര പണം വന്നു, ആരൊക്കെ ഉപയോഗിച്ചു എന്നു വെളിപ്പെടുത്തിയാൽ ഒരുപാടു കാര്യങ്ങൾ പറയേണ്ടിവരും- സതീഷ് കൂട്ടിച്ചേർത്തു.
“തിരൂർ സതീഷ് നാവുമാത്രം, തിരക്കഥ സിപിഎമ്മിന്റേത് ”
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് സിപിഎമ്മിന്റെ ടൂൾ എന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. “എന്റെ രാഷ്ട്രീയഭാവി തകർക്കാനാണു ശ്രമിക്കുന്നത്. പ്രസിഡന്റാകാൻ എനിക്ക് അയോഗ്യതയില്ല. എന്താണ് യോഗ്യതയെന്നും സതീഷിന്റെ കോൾലിസ്റ്റ് എടുക്കണമെന്നും വിളിച്ചവർ ആരൊക്കെയെന്നു പറയിപ്പിക്കും”- ശോഭ പറഞ്ഞു.
എം.കെ. കണ്ണനാണു സതീഷിനു വായ്പ നൽകിയത്. കപ്പലണ്ടിക്കച്ചവടത്തിൽനിന്നു തുടങ്ങിയ കണ്ണൻ സഹകരണ ബാങ്ക് തലപ്പത്തുവരെയെത്തി. ഒന്നരവർഷംമുന്പ് സതീഷിനെ ബിജെപി ഓഫീസിൽനിന്നു പുറത്താക്കി. ഒരുവർഷംമുന്പ് വീടുവയ്ക്കാൻ വായ്പയും നൽകി.
ബിജെപിക്കുള്ളിൽ ഭിന്നതയുണ്ടെന്നു വരുത്താനാണു നീക്കം. ഇതിന്റെ നാവാണ് സതീഷ്. എകെജി സെന്ററിലാണു തിരക്കഥ. രാഷ്ട്രീയത്തിലേക്കു നൂലിൽകെട്ടിയിറക്കിയയാളല്ല ഞാൻ. ഒരു ഗോഡ്ഫാദറും ഇല്ല. സംസ്ഥാന പ്രസിഡന്റാകാൻ അയോഗ്യതയില്ല.
എന്നെ കേരളരാഷ്ട്രീയത്തിൽനിന്ന് ഇല്ലായ്മചെയ്യാനുള്ള നീക്കമാണു നടക്കുന്നത്. എനിക്കെതിരേ കേസെടുക്കുന്നു. നൂറുകണക്കിനു കേസുകളിൽ പ്രതിയായ എനിക്കു കേസുകൾ പുത്തരിയല്ല. സതീഷിനെക്കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരേ പറയിച്ച് എനിക്കു സംസ്ഥാന പ്രസിഡന്റ് പദവി നേടിത്തരാൻ ആരാണ് സതീഷ്? ആർഎസ്എസ് പ്രവർത്തകനാണെങ്കിൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം സംസ്ഥാനകാര്യാലയത്തിലാണു പോകേണ്ടതെന്നും ശോഭ പറഞ്ഞു.
ബിജെപി ഓഫീസിൽനിന്നു പോയശേഷം ഒരുപണിയും സതീഷ് എടുത്തിട്ടില്ല. പിന്നെങ്ങനെ ലോണ് അടച്ചു. സതീഷിനെ ആരാണു വിലയ്ക്കുവാങ്ങിയതെന്നും ആരുമായാണു ബന്ധമെന്നും പൊതുസമൂഹത്തിനുമുന്പിൽ പറയിപ്പിക്കും. കേരളംവിട്ട് എവിടൊക്കെയാണ് സതീഷ് യാത്ര ചെയ്തതെന്നും ശോഭ ചോദിച്ചു.