കുഴൽപ്പണക്കേസ് വെളിപ്പെടുത്തൽ : സിപിഎം ആസൂത്രണം ചെയ്തതെന്ന് ബിജെപി നേതാക്കൾ
Sunday, November 3, 2024 2:02 AM IST
തൃശൂർ: കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനുപിന്നിൽ സിപിഎമ്മിന്റെ ആസൂത്രണമെന്ന ആരോപണവുമായി ബിജെപി നേതാക്കൾ.
സിപിഎം നേതാവ് എം.കെ. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തന്റെ പേരിലുള്ള ഭവനവായ്പ എഴുതിത്തള്ളാമെന്ന സിപിഎമ്മിന്റെ മോഹനവാഗ്ദാനത്തിൽ മയങ്ങിയാണ് സതീഷ് ആസൂത്രിത വെളിപ്പെടുത്തൽ നടത്തിയത്.
ഇതിന്റെ ഭാഗമായി എം.കെ. കണ്ണനും എ.സി. മൊയ്തീൻ എംഎൽഎയും ദിവസങ്ങൾക്കുമുമ്പ് സതീഷുമായി ഒരു സ്വകാര്യഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയെന്നും നേതാക്കൾ പറയുന്നു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാടും ചേലക്കരയിലും ബിജെപിക്കു ജനങ്ങൾ നല്കുന്ന പിന്തുണയിൽ വിറളിപൂണ്ടാണ് സിപിഎം കെട്ടുകഥകളുമായി രംഗത്തെത്തുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.