മുനന്പം ജനതയുടെ നീതിക്കുവേണ്ടിയുള്ള സമരം വിജയിക്കും: മാർ മഠത്തിക്കണ്ടത്തിൽ
Tuesday, November 5, 2024 1:40 AM IST
മുനന്പം: തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്തു കാലങ്ങളായി ഉപയോഗിക്കുന്ന കിടപ്പാടത്തിന്റെ അവകാശത്തിനായി സമരം ചെയ്യേണ്ടിവരുന്ന മുനന്പത്തെ ജനതയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഭരണകർത്താക്കൾ സത്യസന്ധതയോടെ തങ്ങളുടെ കടമ നിർവഹിക്കണമെന്ന് കോതമംഗലം ബിഷപ്പും കെസിബിസി അല്മായ കമ്മീഷൻ ചെയർമാനുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
രൂപതയിലെ വൈദിക, കത്തോലിക്ക കോൺഗ്രസ് പ്രതിനിധികൾക്കൊപ്പം മുനന്പം സമരവേദിയിലെത്തി പ്രദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യമറിയിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ ജനങ്ങൾ അധിവസിക്കുന്ന ഭൂമി വഖഫല്ല. ഇക്കാര്യം വ്യക്തമാക്കാൻ സർക്കാർ തയാറാകണം. ഈ സമരത്തിൽ ജനം വിജയിക്കുകതന്നെ ചെയ്യും. ദൈവം നമ്മുടെ പക്ഷത്താണ്.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ പരാജയപ്പെടുത്താൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല. വിലകൊടുത്തു വാങ്ങിയ, ആധാരമുള്ള ഭൂമിയുടെ ഉടമകൾക്ക് അവരുടെ ന്യായമായ അവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകുകയാണു വേണ്ടത്. ഒരുവശത്ത് ആത്മാർഥതയില്ലാത്ത വാക്കുകൾ പറഞ്ഞ് മുനമ്പം ജനതയെ കബളിപ്പിക്കുകയും അതേസമയം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു പിന്നാലെ പരക്കംപായുകയും ചെയ്യുന്ന നിലപാട് ഭരണകർത്താക്കൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഭൂഷണമല്ല.
കേരളത്തിന്റെ മനഃസാക്ഷിയെ വേദനിപ്പിക്കുന്ന വിധം സമരത്തെ വർഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയമാണ്. മതം നോക്കാതെ നീതിയിലധിഷ്ഠിതമായി ഈ പ്രശ്നത്തെ സമീപിക്കാനും ശാശ്വതമായ പരിഹാരം കാണാനും കഴിയണമെന്നും മാർ മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു.
മുനമ്പം ജനതയുടെ നീതിക്കുവേണ്ടിയുള്ള നിലവിളി കേൾക്കാത്ത അധികാരികൾക്കെതിരേ, കണ്ണും വായും ചെവിയും കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയാണ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വൈദിക, കത്തോലിക്ക കോൺഗ്രസ് പ്രതിനിധികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, കോതമംഗലം കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറമ്പിൽ, വെളിയേൽച്ചാൽ ഫൊറോന വികാരി റവ.ഡോ. തോമസ് ജെ. പറയിടം, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, ഡയറക്്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരയ്ക്കല്‍, ട്രഷറർ തന്പി പിട്ടാപ്പിള്ളിൽ, സെക്രട്ടറി ഷൈജു ഇഞ്ചയ്ക്കല്‍ എന്നിവർ പ്രസംഗിച്ചു.
മുനമ്പത്ത് സംജാതമായിരിക്കുന്ന സ്ഫോടനാത്മകമായ വിഷയത്തിൽ മനുഷ്യത്വരഹിതമായ എല്ലാ അവകാശങ്ങളും നിലപാടുകളും പൂർണമായി തള്ളിക്കളയണമെന്ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ആവശ്യപ്പെട്ടു. മുനമ്പത്ത് റിലേ നിരാഹാര സമരപ്പന്തലിൽ വിജയപുരം രൂപതയുടെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
നിയമഭേദഗതികൾകൊണ്ടു മാത്രം പ്രശ്നം പരിഹരിക്കപ്പെടുകയില്ല, മനുഷ്യത്വരഹിതമായ നിയമങ്ങൾ പൂർണമായും എടുത്തുകളയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ, കൂരിയ മോഡറേറ്റർ ഫാ. അജി ചെറുകാക്രാംചേരിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വഖഫ് നിയമം ബാധകമല്ലാത്ത ഭൂമിയിൽ കടന്നുകയറാനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്ന് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.