അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി ഉപകാരപ്പെടുത്താതെ കേരളം
സ്വന്തം ലേഖകൻ
Monday, November 4, 2024 3:29 AM IST
കോഴിക്കോട്: വിളവെടുപ്പിനുശേഷം കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണത്തിനും മൂല്യവര്‍ധനയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സാമ്പത്തിക സഹായം നല്കുന്ന അ്രഗികള്ച്ചറല് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫണ്ട് പദ്ധതി പ്രയോജനപ്പെടുത്തുന്നതില്‍ കേരളം ഏറെ പിന്നില്‍.
വായ്പ ലഭിക്കാനുള്ള സമയ പരിധി ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്നിരിക്കേ അര്‍ഹതയുള്ളവരെ കണ്ടെത്തി വായ്പാ അപേക്ഷ കൊടുപ്പിക്കാനും പദ്ധതിയെക്കുറിച്ച് വ്യാപക പ്രചാരണം നടത്താനും നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൃഷി വകുപ്പ് നിര്‍ദേശം നല്കി.
നബാര്‍ഡ് മുഖേന നടപ്പാക്കുന്ന പദ്ധതി പ്രകാരം കര്‍ഷകര്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, കാര്‍ഷിക മേഖലയിലെ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കൂട്ടുത്തരവാദിത്വ സംഘങ്ങള്‍, പ്രൈമറി അഗ്രികൾച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റി, മാര്‍ക്കറ്റിംഗ് സഹകരണ സംഘം, വിവിധോദേശ്യ സഹകരണ സംഘം, തദേശസ്ഥാപനം സ്പോണ്സര് ചെയ്യുന്ന പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി തുടങ്ങിയവയ്ക്കാണു വായ്പയ്ക്ക് അര്‍ഹതയുള്ളത്. മതിയായ സംഭരണ- വിതരണ സംവിധാനമില്ലാത്തതിനാല്‍ വിളകളേറെയും നശിച്ചുപോകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ വായ്പാ പദ്ധതിയാണ് അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫണ്ട് പദ്ധതി. 2020 മേയ് 15ന് ആരംഭിച്ച പദ്ധതിയുടെ അടങ്കലില്‍ കേരളത്തിനായി 2520 കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയാണു പദ്ധതിയുടെ മൊത്തം അടങ്കല്‍. 2020-21 മുതല്‍ 2032-33 സാമ്പത്തിക വര്‍ഷം വരെയാണ് പദ്ധതിയുടെ കാലാവധി. ഇതില്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ മാത്രമാണു പദ്ധതി പ്രകാരമുള്ള വായ്പാതുക ലഭ്യമാവുക.
വായ്പ ലഭിച്ചതിനുശേഷം തുടര്‍ന്നു വരുന്ന ഏഴു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഏഴുവര്‍ഷ കാലാവധിയില്‍ ആദ്യത്തെ ആറുമാസം മുതല്‍ 24 മാസം വരെ വായ്പാ തിരിച്ചടവിനു മൊറട്ടോറിയം ആനുകൂല്യം ലഭിക്കും. ബാങ്കുകള്‍ ഈ വായ്പയ്ക്ക് ഒന്‍പതു ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കാന്‍ പാടില്ലെന്നു നബാര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്ക് എത്രയാണോ അതില്‍നിന്നു മൂന്നു ശതമാനം പലിശ സബ്സിഡി ആനുകൂല്യവും ലഭിക്കും. സഹകരണ ബാങ്കുകളിലൊഴികെയുള്ള മറ്റു ബാങ്കുകളില്‍ ഈ വായ്പക്ക് ക്രെഡിറ്റ് ഗാരന്റി കവര്‍ ലഭ്യമാണ്. അപേക്ഷ തയാറാക്കി സമര്‍പ്പിക്കേണ്ട വിധം, മാതൃകാ പദ്ധതികള്‍, പങ്കാളിത്ത ബാങ്കുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ttps://www.agriinfra.dac.gov.in/എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.