കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണം നടത്താം
Tuesday, November 5, 2024 2:49 AM IST
കൊച്ചി: കൊടകര കള്ളപ്പണക്കേസിലെ സാക്ഷിയായ തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തിന് തുടരന്വേഷണം നടത്താമെന്നു നിയമോപദേശം.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്നിന്നാണ് അന്വേഷണസംഘം നിയമോപദേശം തേടിയത്. സതീശന്റെ മൊഴി രേഖപ്പെടുത്തിയശേഷം ആവശ്യമായ നടപടിയുമായി മുന്നോട്ടു പോകാമെന്നാണു നിയമോപദേശം.
പണം കവര്‍ച്ച നടത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്കി തുടരന്വേഷണം ആകാമെന്നാണ് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. തുടരന്വേഷണം നടത്തി ഇഡിക്ക് വീണ്ടും റിപ്പോര്‍ട്ട് നല്‍കാനും അന്വേഷണസംഘത്തിന് കഴിയും.