‘മല്ലു ഹിന്ദു ഐഎഎസ് ഓഫീസേഴ്സ്’വാട്സാപ്പ് ഗ്രൂപ്പിൽ വിവാദം, പരാതി
Monday, November 4, 2024 3:29 AM IST
തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന് ഗ്രൂപ്പ് അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. ദീപാവലിയുടെ തലേന്നാണ് ഇത്തരത്തില്‍ ഒരു ഗ്രൂപ്പ് ആരംഭിക്കപ്പെട്ടതും അംഗങ്ങളെ ചേര്‍ത്തതും. ഒരു മതവിഭാഗത്തില്‍ പെട്ടവരെ മാത്രമാണ് ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോട ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തുവെന്നു കാണിച്ച് കെ.ഗോപാലകൃഷ്ണന് സൈബര്‍ പോലീസില്‍ പരാതിയും നല്കി.
ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇത്തരത്തല്‍ ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത്. കെ. ഗോപാലകൃഷ്ണന് അഡ്മിന് ആയ ഗ്രൂപ്പില്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള അംഗങ്ങള്‍ ആഡ് ചെയ്യപ്പെട്ടു. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചെന്നാണ് വിവരം.
അധികം വൈകാതെ ഗ്രൂപ്പ് ഡിലീറ്റാകുകയും ചെയ്തു. ഗ്രൂപ്പില്‍ അംഗങ്ങള്‍ ആയിരുന്നവര്‍ക്ക് പിന്നീട് ഗോപാലകൃഷ്ണന്റെ സന്ദേശവും എത്തി. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നും ഫോണ്‍ കോണ്ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നും സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പും നല്കി.
മല്ലു ഹിന്ദു ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഒരു മതവിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥര്‍ മാത്രമായത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെങ്കില്‍ അതും അതീവ ഗുരുതരമായ വിഷയമാണ്. ഉന്നത ഉദ്യോഗസ്ഥന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സാമുദായിക സ്പര്‍ധ ഉണ്ടാക്കും വിധത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണെന്നു കണ്ടെത്തണം. അതല്ല ഗോപാലകൃഷണന് തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെങ്കില്‍ അത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.