പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
Tuesday, November 5, 2024 1:40 AM IST
കൊച്ചി: പൊതുസ്ഥലത്ത് അനുമതിയില്ലാതെ തന്നെ സ്ത്രീയുടെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി. എന്നാല്‍ പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യസ്ഥലത്തോ വച്ച് സ്തീയുടെ സ്വകാര്യ ഭാഗങ്ങളുടെയോ സ്വകാര്യ പ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നതാണ് കുറ്റകരമെന്നും ജസ്റ്റീസ് എ. ബദറുദീന്‍ വ്യക്തമാക്കി.
വീടിനു മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല അംഗവിക്ഷേപങ്ങള്‍ കാട്ടുകയും ചെയ്തെന്ന കേസില്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിക്കെതിരായ കുറ്റങ്ങള്‍ ഭാഗികമായി റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
എന്നാല്‍ പരാതിയില്‍ പറയുന്ന ആംഗ്യങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണെന്നും പ്രതിക്കെതിരേ പ്രോസിക്യൂഷന് നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി.
2022 മേയ് മൂന്നിനു കാറിലെത്തിയ പ്രതിയും മറ്റൊരാളും വീടിനു മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുത്തെന്നാണ് ആരോപണം. ചോദ്യം ചെയ്തപ്പോള്‍ ഇരുവരും അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയെന്നാണു പ്രോസിക്യൂഷന് കേസ്. ആരുടെയും നിരീക്ഷണമില്ലെന്ന് കരുതുന്ന സ്ഥലത്തു വച്ച് മറയില്ലാതെ സ്ത്രീയുടെ അവയവങ്ങളോ പ്രവൃത്തികളോ പകര്‍ത്തുന്നതാണ് ഐപിസി 354സി പ്രകാരം കുറ്റകരമെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
വീടിനു മുന്നില്‍ നില്‍ക്കുന്നയാളുടെ ഫോട്ടോയെടുത്തത് ഈ നിര്‍വചനത്തില്‍ വരില്ല. അതേസമയം, പരാതിയില്‍ ആരോപിക്കപ്പെടുന്ന അംഗവിക്ഷേപങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലായതിനാല്‍ ഐപിസി 509 പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നും വിചാരണക്കോടതിക്ക് നിയമപ്രകാരം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.