മുനമ്പം വഖഫ് ഭൂമിയല്ല എന്ന ഔദ്യോഗിക തീരുമാനമാണു വേണ്ടത്: കത്തോലിക്ക കോണ്‍ഗ്രസ്
Tuesday, November 5, 2024 1:40 AM IST
കൊച്ചി: മുനമ്പത്ത് പണം കൊടുത്ത് ഭൂമി വാങ്ങിയ അവകാശികളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് ഉന്നയിച്ച അവകാശം അന്യായമാണെന്നിരിക്കേ രാഷ്ട്രീയതലത്തിലുള്ള ചര്‍ച്ചകളല്ല, മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രഖ്യാപനമാണു സര്‍ക്കാര്‍തലത്തില്‍ ഉണ്ടാകേണ്ടതെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
അധാര്‍മികമായ നിയമത്തിന്റെ പേരില്‍ വഖഫ് ബോര്‍ഡ് നടത്തുന്ന കൈയേറ്റ ശ്രമം ന്യായീകരിക്കാന്‍ വേണ്ടി നടത്തുന്ന രാഷ്ട്രീയമായ തന്ത്രങ്ങള്‍ മുനമ്പത്ത് വിലപ്പോകില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു. നീക്കുപോക്കുകള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.
അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നിയമത്തിന്റെ പിന്തുണയുള്ള കൈയേറ്റശ്രമമാണ് മുനമ്പത്ത് വഖഫ് ബോര്‍ഡ് നടത്തിയത്. അതിനെ അനുകൂലിക്കുന്ന തരത്തില്‍ വഖഫ് ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കിയ ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. എന്നിട്ട് മുനമ്പത്തെ ആളുകള്ക്കൊപ്പമാണെന്നു പുറത്തിറങ്ങി പറയുന്നത് ജനവഞ്ചനയും ഇരട്ടത്താപ്പുമാണ്.
മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രമേയം പാസാക്കാനും നയപരമായ തീരുമാനമെടുക്കുവാനും ജനപ്രതിനിധികള്‍ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗത്തില്‍ പസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഡയറക്്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.