കൃഷിവകുപ്പിന്റെ ‘കേര’ പദ്ധതിക്ക് ലോകബാങ്ക് അംഗീകാരം
Tuesday, November 5, 2024 1:40 AM IST
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കര്‍ഷക വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമര്‍പ്പിച്ച കേരള ക്ലൈമറ്റ് റെസിലന്റ് അഗ്രി വാല്യൂ ചെയിന്‍ (കേര) പദ്ധതിക്ക് ലോകബാങ്കിന്റെ അംഗീകാരം.
ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്്ടര്മാരുടെ യോഗം കൃഷി വകുപ്പ് സമര്‍പ്പിച്ച 2365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കുകയും 200 മില്യണ്‍ ഡോളറിന്റെ (1655.85 കോടി രൂപ) ധനസഹായം അനുവദിക്കുകയും ചെയ്തതായി കൃഷിമന്ത്രി പി. പ്രസാദ് അറയിച്ചു.
ഇതില്‍ ആനുപാതിക സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. 23 വര്‍ഷം കാലപരിധിവച്ചാണ് ലോകബാങ്ക് വായ്പ കൃഷിവകുപ്പിന് അനുവദിക്കുക. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷങ്ങളിലായി ഇതു പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കും. ഈ തുക കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്താന്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ സഹായിക്കും.
കാലാവസ്ഥാനുപൂരകമായ കൃഷിരീതികള്‍ അനുവര്‍ത്തിക്കുന്നതിലൂടെ ഏകദേശം നാലു ലക്ഷം കര്‍ഷകര്‍ക്ക് പ്രത്യക്ഷമായും 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതില്‍ സ്ത്രീകള്‍ നടത്തുന്ന ചെറുകിട, ഇടത്തരം കാര്‍ഷിക സംരംഭങ്ങള്‍ക്കുള്ള വാണിജ്യ സഹായമായി ഒന്‍പതു മില്യന്‍ ഡോളറിന്റെ (76 കോടി രൂപ) പ്രത്യേക ധന സഹായവും ഉള്‍പ്പെടും.
കാപ്പി, ഏലം, റബര്‍ തുടങ്ങിയ വിളകളുടെ പുനര്‍ നടീലിനും ഇവയുടെ ശാസ്ത്രീയ കൃഷിരീതി അവലംബിക്കുന്നതിനും പദ്ധതി തുക പ്രയോജനപ്പെടുത്തും.
കൃഷിക്കൂട്ടം, കര്‍ഷക ഉത്പാദന സംഘടനകള്‍ വഴി കാര്‍ഷിക സംരംഭകരെ വാര്‍ത്തെടുത്ത് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും ഇക്കാര്യത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തുക പ്രയോജനപ്പെടുത്തും.
പദ്ധതി തുകയില്‍നിന്ന് 500 കോടി രൂപ മുതല്‍മുടക്കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കും.