തിരൂർ സതീഷിനു പിന്നിൽ താനാണെന്നു വരുത്താൻ ശ്രമം: ശോഭ സുരേന്ദ്രൻ
Sunday, November 3, 2024 2:53 AM IST
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയ തിരൂർ സതീഷിനു പിറകിൽ താനാണെന്നു വരുത്തിത്തീർക്കാർ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.
ചില മാധ്യമങ്ങൾ ചില പ്രത്യേക രാഷ്ട്രീയ പ്രവർത്തകരെ നിലനിർത്താനും ചിലയാളുകളെ ഇല്ലായ്മ ചെയ്യാനും പരിശ്രമിക്കുന്നു. തനിക്കെതിരേ രേഖയില്ലാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് കേരളാ രാഷ്ട്രീയത്തിൽനിന്നും പൊതുപ്രവർത്തനരംഗത്തുനിന്നും തന്നെ വീട്ടിലേക്കു പറഞ്ഞുവിടാൻ ശ്രമിക്കുന്നവരുടെ മുഖപടം ചീന്തിയെറിഞ്ഞുകളയാനുള്ള ബന്ധങ്ങൾ തനിക്കും കേന്ദ്രതലത്തിലുണ്ട്.
മാധ്യമപ്രവർത്തകർക്കും മാധ്യമമുതലാളിമാർക്കും മുന്പിൽ ഭയപ്പെടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, ഗോകുലം ഗോപാലൻ, ഇ.പി. ജയരാജൻ എന്നിവരാണ് താൻ കേരളാ രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത്. തന്റെ ജീവിതംവച്ചു കളിക്കാൻ ആരെയും അനുവദിക്കില്ല.
ജപ്തിഭീഷണി നേരിടുന്ന, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സതീഷിന് ലോണടയ്ക്കാനുള്ള തുക എവിടെനിന്നാണു ലഭിച്ചതെന്നു ശോഭ സുരേന്ദ്രൻ ചോദിച്ചു. സതീഷിന്റെ പിന്നിൽ ആരാണെന്ന് അന്വേഷിക്കണം. കരുവന്നൂർ കേസ് ഇഡി അവസാനിപ്പിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളൂ. കരുവന്നൂർ കേസിലെ പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും കണ്ണൂരിലെ ഇടതു നേതാക്കൾ ശ്രമിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏറ്റവും വലിയ ഡോൺ ആയാണു പ്രവർത്തിക്കുന്നത്. 70 കോടി രൂപയ്ക്കു കേരളത്തിൽ വയ്ക്കേണ്ട കാമറയ്ക്ക് 350 കോടി രൂപയ്ക്കാണു കരാർ കൊടുത്തത്. കോഴിക്കോട് അൽഹിന്ദ് കന്പനിയുമായുള്ള കരാറിൽ മുഖ്യമന്ത്രിയുടെ മകളുടെ അമ്മായിയച്ഛനാണ് ഒപ്പിട്ടിട്ടുള്ളത്.
ആ മിനിറ്റ്സ് ബുക്ക് എവിടെയെന്നും അൽഹിന്ദിനെ വിലയ്ക്കെടുത്തത് എങ്ങനെയാണെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. ജെയിംസ് പാലമറ്റത്തെ ഭീഷണിപ്പെടുത്തി അയാളുടെ കൈയിലുണ്ടായിരുന്ന രേഖകൾ കുടുംബത്തിനുവേണ്ടി നശിപ്പിച്ചത് പിണറായി വിജയനാണെന്നും ശോഭ ആരോപിച്ചു.
“തിരൂർ സതീഷ് എന്റെ ഡ്രൈവറായിരുന്നില്ല”
തൃശൂർ: അരമണിക്കൂർപോലും തിരൂർ സതീഷ് തന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടില്ലെന്നു ശോഭസുരേന്ദ്രൻ. സതീഷ് ഡ്രൈവറായിരുന്നോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അവർ.
എന്റെ ഡ്രൈവർ ലീവെടുക്കുന്ന സമയത്ത് എത്രയോ പേർ ആക്ടിംഗ് ഡ്രൈവറായി തൃശൂരിൽനിന്നു വന്നിട്ടുണ്ട്. എന്നാൽ അരമണിക്കൂർപോലും തിരൂർ സതീഷ് ഡ്രൈവറായി ജോലിചെയ്തിട്ടില്ല.
എന്റെ വീടുപണിയുടെ മേൽനോട്ടം സതീഷിനെ ഏല്പിച്ചിട്ടില്ല. അമേരിക്കയിലുള്ള മകനാണ് വീടു പണിയുന്നത്. തന്റെ പ്രവർത്തനങ്ങളിൽ ഒരു രീതിയിലും സതീഷ് പങ്കാളിത്തം വഹിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.