മുനന്പം: സർവകക്ഷിയോഗം വിളിക്കണമെന്ന് വി.ഡി. സതീശൻ
Tuesday, November 5, 2024 2:49 AM IST
തിരുവനന്തപുരം: മുനന്പം ഭൂമിതർക്കം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഒരു മുസ്ലിം മതസംഘടനയും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ താമസക്കാർക്ക് ഉപാധികളില്ലാതെ ഭൂമി നൽകണം. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മുനന്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങൾ പരിശോധിച്ചാൽ ആ ഭൂമി വഖഫിന്റെ പരിധിയിൽ പെടുന്നതല്ലെന്നു മനസിലാക്കാവുന്നതാണ്.
2006-11 കാലത്ത് വി.എസ്. അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷനാണ് ഭൂമി വഖഫ് ആണെന്ന അവകാശവാദം ആദ്യമായി ഉന്നയിച്ചത്. കമ്മീഷൻ ഈ വിഷയം ആഴത്തിൽ പഠിച്ചിട്ടില്ല എന്ന് അവർതന്നെ സമ്മതിക്കുന്നുണ്ട്.
തുടർന്ന് അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ നിലപാട് തിരുത്തിയതോടെ പ്രശ്നം അവസാനിച്ചു.
വഖഫ് ഭൂമിയാണെന്ന് സർക്കാർ നിലപാടെടുത്തതും കരം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചതുമാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം.
പത്തു മിനിറ്റുകൊണ്ട് പരിഹരിക്കാൻ കഴിയുന്ന വിഷയമാണിത്. മുനന്പം വിഷയം വർഗീയ ശക്തികൾ മുതലെടുപ്പിനുള്ള അവസരമാക്കുന്നതുകൂടി മനസിലാക്കണം.
ഈ വിഷയത്തിന്റെ പേരിൽ കേരളത്തിൽ വർഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിക്കുന്നത് തടയണമെന്നും കത്തിൽ സതീശൻ ആവശ്യപ്പെട്ടു.