പ്രിയങ്ക വയനാടിന് ഏറ്റവും യോജിച്ച സ്ഥാനാർഥി: രാഹുൽ ഗാന്ധി
Monday, November 4, 2024 3:29 AM IST
മാനന്തവാടി: വയനാട് മണ്ഡലത്തിന് ഏറ്റവും യോജിച്ച സ്ഥാനാർഥിയാണു പ്രിയങ്ക ഗാന്ധിയെന്നു സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഗാന്ധി പാർക്കിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായി സഹോദരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിന്റെ കൗതുകം പങ്കുവച്ചായിരുന്നു വയനാട് മുൻ എംപിയായ രാഹുൽ പ്രസംഗം തുടങ്ങിയത്. മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങളിൽ പ്രിയങ്കയ്ക്ക് വ്യക്തമായ ബോധ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പ്രശ്നവും എങ്ങനെ പരിഹരിക്കാമെന്നതുസംബന്ധിച്ച് പ്രിയങ്ക കുറിപ്പുകൾ തയാറാക്കുന്നുണ്ടെന്ന് രാഹുൽ വെളിപ്പെടുത്തി.
“എനിക്കുവേണ്ടി നിരവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക വന്നിട്ടുണ്ട്. പിതാവിനുവേണ്ടിയും മാതാവിനുവേണ്ടിയും പ്രചാരണം നടത്തിയിട്ടുണ്ട്. അപ്പോഴക്കെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വീനർ സ്ഥാനത്തായിരുന്നു പ്രിയങ്ക.
നല്ല കാമറമാൻ പകർത്താൻ പോകുന്ന വസ്തുവിനെ നോക്കിക്കാണുന്നതുപോലെയാണ് സമൂഹത്തിലെ ഓരോ വ്യക്തിയോടുമുള്ള പ്രിയങ്കയുടെ സമീപനം. കാമറാമാൻ ഏറ്റവും താത്പര്യത്തോടെയും ഇഷ്ടത്തോടെയും സമീപിച്ചാൽ മാത്രമേ മികച്ച ഫോട്ടോ ലഭിക്കൂ. താത്പര്യവും ഇഷ്ടവും ഇടകലർന്ന ഇടപെടലാണു പ്രിയങ്ക സമൂഹത്തിൽ നടത്തുന്നത്. ഒരു കർഷകനെ അച്ഛനായും അധ്വാനിക്കുന്ന കുടുംബനാഥനായും കാണുകയും അദ്ദേഹത്തിന്റെ പ്രയാസങ്ങൾ മനസിലാക്കുകയും ചെയ്യുന്നതാണ് പ്രിയങ്കയുടെ രീതി”- രാഹുൽ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കണ്‍വീനർ എ.പി. അനിൽകുമാർ എംഎൽഎ, അബ്ദുസമദ് സമദാനി എം.പി, ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, എ.കെ.എം അഷറഫ്, സി. മമ്മൂട്ടി, അഹമ്മദ് ഹാജി, അബ്ദുറഹ്മാൻ, പി.കെ. ജയലക്ഷ്മി, എം.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.