മൃതസംസ്കാരത്തിന് ശവപ്പെട്ടി ഒഴിവാക്കി പള്ളിപ്പുറം ഫൊറോന പള്ളി
Sunday, November 3, 2024 2:02 AM IST
ചേര്‍ത്തല: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ക്ക് പൂര്‍ണമായും ശവപ്പെട്ടി ഒഴിവാക്കി. പകരമായി മൃതദേഹം തുണിക്കച്ചയിൽ പൊതിഞ്ഞു സംസ്കരിക്കുന്ന രീതി നിലവിൽവന്നു.
പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണിനോടു ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം.
പുതിയ രീതിയിൽ മൃതദേഹം പള്ളിയിലേക്ക് എത്തിക്കുന്നതിന് രണ്ടു സ്റ്റീൽപ്പെട്ടികൾ തയാറാക്കിയിട്ടുണ്ട്. വീട്ടിലെയും പള്ളിയിലെയും സെമിത്തേരിയിലെയും പ്രാർഥനകൾക്കുശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് സംസ്കരിക്കും. സ്റ്റീൽപ്പെട്ടി തിരികെയെടുക്കും.
ഇടവക ജനങ്ങളുടെ ഐകകണ്ഠ്യേനയുള്ള തീരുമാനപ്രകാരമാണ് തുണിക്കച്ചയിൽ അടക്കുന്നതിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഫൊറോന വികാരി റവ. ഡോ. പീറ്റർ കണ്ണമ്പുഴ അറിയിച്ചു.